
കൊല്ലം: സ്വകാര്യ ബസുകളുടെ നിരത്തിലെ നിയമലംഘനങ്ങൾക്കെതിരെ നടപടിയുമായി പൊലീസും മോട്ടോർ വാഹന വകുപ്പും. ഇരുവിഭാഗങ്ങളും സംയുക്തമായി ഇന്നലെ നടത്തിയ പരിശോധനയിൽ 33 സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുത്തു.
അമിത വേഗം, തെറ്റായ ഓവർടേക്കിംഗ്, റോഡിന്റെ മദ്ധ്യഭാഗത്ത് നിറുത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് നടപടി. നഗരപരിധിയിലെ ശക്തികുളങ്ങര, കൊല്ലം വെസ്റ്റ്, കൊല്ലം ഈസ്റ്റ്, കൊല്ലം ട്രാഫിക് എന്നീ സ്റ്റേഷൻ പരിധിയിലായിരുന്നു പരിശോധന. വിവിധ സംഘങ്ങളായി നടത്തിയ പരിശോധനയിൽ എഴുപത്തിയേഴ് ബസുകളാണ് പരിശോധിച്ചത്. കപ്പിത്താൻ ജംഗ്ഷൻ, മുളങ്കാടകം, കച്ചേരിമുക്ക്, ചിന്നക്കട ബസ്‌ബേ എന്നിവിടങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പമാണ് പരിശോധന നടത്തിയത്.
വരും ദിവസങ്ങളിലും വിവിധ റൂട്ടുകൾ കേന്ദ്രീകരിച്ച് കർശന പരിശോധന തുടരുമെന്നും പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് കമ്മിഷണർ അറിയിച്ചു. കൊല്ലം എ.സി.പി ജി.ഡി വിജയകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർമാരായ യു. ബിജു, ബി.ഷെഫീക്ക്, ആർ. രതീഷ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബി.എൽ. സതീഷ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.ആർ. റെജി, സബ് ഇൻസ്‌പെക്ടർമാരായ ശ്യം, ഐ.ബി. ആര്യ, രാജശേഖരൻപിള്ള, ഷഹാലുദ്ദീൻ, ജോസഫ് തുടങ്ങിയവരടങ്ങിയ സംഘമാണ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്.