കൊല്ലം: അഞ്ചര കിലോ കഞ്ചാവുമായി പരവൂരിലെത്തിയ സംഘത്തിലെ പ്രധാനി പിടിയിൽ. പൊലീസിനെ വെട്ടിച്ച് കടന്ന പരവൂർ കുറുമണ്ടൽചേരിയിൽ പൂക്കുളം സുനാമികോളനിയിൽ ഫ്‌ളാറ്റ് നമ്പർ ഏഴ്, വീട് നമ്പർ 60 ൽ കലേഷാണ് (30) പിടിയിലായത്.

ശക്തികുളങ്ങര, പള്ളിത്തോട്ടം, കൊട്ടിയം, പരവൂർ തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് വ്യാപാരം, കുട്ടികൾക്ക് മയക്കുമരുന്ന് നൽകൽ, ചാരായ നിർമ്മാണം, കവർച്ച, സ്ത്രീകൾക്ക്‌നേരെയുള്ള ലൈംഗിക അതിക്രമം, ആയുധം കൊണ്ട് ദേഹോപദ്രവം ഏൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ പതിനാറോളം കേസുകളിൽ ഉൾപ്പെട്ടയാളാണ് കലേഷ്.

കഞ്ചാവ് വിൽപ്പനയ്ക്ക് അഞ്ചോളം കേസുകളിൽ ശിക്ഷിക്കപ്പെട്ട കലേഷിന് ഒന്നര കിലോയോളം കഞ്ചാവ് കൈവശം വച്ചതിന് കൊല്ലം സെഷൻസ്‌ കോടതി ഏഴുവർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ അപ്പീൽ ജാമ്യത്തിൽ നിൽക്കവേയാണ് വീണ്ടും പിടിയിലായത്.