
ഓയൂർ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ വാളകം പൊലിക്കോട് രത്നവിലാസത്തിൽ ഗോപാലകൃഷ്ണപിള്ള (48) മരിച്ചു.
20ന് വൈകിട്ട് 3.15ഓടെ ചെപ്ര മത്തായി മുക്കിന് സമീപം സൊസൈറ്റി മുക്കിലായിരുന്നു അപകടം. പരാതി അന്വേഷിക്കാനെത്തി സ്റ്റേഷനിലേക്ക് മടങ്ങുമ്പോൾ അമിത വേഗതയിലെത്തിയ ചെപ്ര പുള്ളാടിമുക്ക് സ്വദേശിയുടെ ബൈക്ക് പിന്നിൽ നിന്നിടിക്കുകയായിരുന്നു.
തലയ്ക്ക് സാരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ എ.എസ്.ഐയെ നാട്ടുകാർ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ രണ്ടരയോടെ മരിച്ചു. നിറുത്താതെ പോയ ബൈക്ക് പിന്നീട് പൂയപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വച്ച മൃതദേഹം വൈകിട്ട് അഞ്ചോടെ മൃതദേഹം വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഭാര്യ: മഞ്ജുള (അദ്ധ്യാപിക, തേവന്നൂർ ഗവ.എച്ച്.എസ്). മക്കൾ: അഭിനന്ദ്, അഭിദേവ്.