ഓച്ചിറ : കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ലോക്ഡൗൺ സമയത്ത് അഴീക്കൽ മത്സ്യബന്ധന തുറമുഖത്തോടനുബന്ധിച്ച ലേല ഹാളിൽ സ്ഥാപിച്ച ഇരുമ്പ് വേലി ഹാർബർ തൊളിലാളികൾക്ക് തടസമാകുന്നു. മത്സ്യ ലേലത്തിൽ പങ്കെടുക്കുന്നവരും മത്സ്യതൊഴിലാളികളും സാമൂഹ്യഅകലം പാലിച്ച് ലേലത്തിൽ പങ്കെടുക്കുന്നതിനായാണ് ലേലഹാൾ ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് പല ചതുരങ്ങളായി തിരിച്ചത്. ഇപ്പോൾ കൊവിഡ് നിയന്ത്രണ നിയമങ്ങളിൽ അയവ് വന്നതോടെ മത്സ്യബന്ധന തുറമുഖം പൂർണമായും പ്രവർത്തന സജ്ജമായിരിക്കുകയാണ്. അപ്പോഴാണ് ഇരുമ്പ് വേലികൾ തടസമായിരിക്കുന്നത്.

പരിക്കേറ്ര് തൊഴിലാളികൾ

അഴീക്കൽ ഹാർബറിനൊപ്പം നീണ്ടകര ഹാർബറിലും സമാനമായ രീതിയിൽ അഴികൾ നിർമ്മിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ മാറിയപ്പോൾ നീണ്ടകര ഹാർബറിലുണ്ടായിരുന്ന അഴികൾ മാറ്റി. എന്നാൽ താരതമ്യേന സൗകര്യ കുറവുള്ള അഴീക്കൽ ഹാർബറിലെ അഴികൾ മാറ്റിയിട്ടില്ല. ബോട്ടിൽ നിന്ന് മത്സ്യം കുട്ടയിൽ കയറ്റിയാണ് തൊഴിലാളികൾ ലേലഹാളിൽ എത്തിക്കുന്നത്. ഇവരുടെ സുഗമമായ സഞ്ചാരത്തിന് ലേലഹാളിൽ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് പൈപ്പുകൾ തടസമായി മാറിയിരിക്കുകയാണ്.ദിവസവും നൂറുകണക്കിന് ബോട്ടുകളാണ് മത്സ്യവുമായി ഇവിടെ എത്തുന്നത്. കുട്ടയിൽ മത്സ്യവുമായി വരുന്ന നിരവധി തൊഴിലാളികൾ കമ്പിയിൽ ഇടിച്ചു പരിക്കേൽക്കുന്നത് നിത്യ സംഭവമായിരിക്കുകയാണ്. ഏറ്റവും ഒടുവിൽ ഹാർബറിലെ കൊട്ടപിടുത്ത തൊഴിലാളിയായ ഉമേഷിന് ഇരുമ്പ് കമ്പിവേലിയിൽ തട്ടി കണ്ണിന് ഗുരുതരമായ പരിക്കേറ്റു. സുമേഷ് ഇപ്പോൾ തിരുവനന്തപുരം നേത്രരോഗാശുപത്രിയിൽ ചികിത്സയിലാണ്

മന്ത്രിക്ക് നിവേദനം നൽകി
മന്ത്രി സജി ചെറിയാണ് ഹാർബർ സന്ദർശിച്ചപ്പോൾ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ ഇരുമ്പ് വേലി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. അഴികൾ മാറ്റാൻ അടിയന്തര നിർദ്ദേശം നൽകാമെന്ന് മന്ത്രി തൊഴിലാളികൾക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ നാളിതുവരെ നടപടിയുണ്ടാട്ടില്ല.

ലേലഹാളിൽ കുറുകെയും നെടുകെയും സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് വേലി തൊഴിലാളികൾക്ക് അസൗകര്യം സൃഷ്ടിക്കുകയാണ്. അടിയന്തരമായി അഴികൾ നീക്കം ചെയ്യാൻ നടപടിയുണ്ടാവണം.

സുനിൽ കൈലാസം,

കൺവീനർ,

അഴീക്കൽ ഫിഷിംഗ് ഹാർബർ ലേബർ കോർഡിനേഷൻ കമ്മിറ്റി