accident

# 15 കിലോമീറ്ററിൽ മൂന്നു വർഷത്തിനിടെ മരിച്ചത് 19 പേർ

കൊല്ലം: വാഹനാപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പാതകളുടെ നിലവാരവും അപകടങ്ങളുടെ കാരണവും പരിശോധിച്ച് ആവശ്യമായ മാ​റ്റങ്ങൾ വരുത്താൻ മോട്ടോർ വാഹന വകുപ്പിന്റെ റോഡ് സേഫ്ടി ഓഡി​റ്റി​ന് ജി​ല്ലയി​ൽ തുടക്കമായി​. ആദ്യഘട്ടമായി കുന്നത്തൂർ സബ് ആർ.ടി.ഓഫീസിന്റെ പരിധിയിലാണ് ഓഡിറ്റ് ആരംഭിച്ചത്.

കൊല്ലം- തേനി ദേശീയപാതയി​ലെ (എൻ.എച്ച് 183 എ) കടപുഴ മുതൽ ജില്ലാ അതിർത്തിയായ ആനയടി വഞ്ചിമുക്ക് വരെയുള്ള 15 കിലോമീറ്ററാണ് ഇന്നലെ പരിശോധിച്ചത്. ഈ ഭാഗത്ത് 3 വർഷത്തിനിടെയുണ്ടായ ചെറുതും വലുതുമായ വാഹനാപകടങ്ങളിൽ 19 പേർ മരി​ക്കുകയും 90 ഓളം പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തി​രുന്നു.ഇതി​ൽ 35 ശതമാനം പേരും കാൽനടയാത്രക്കാരായിരുന്നുവെന്നതും പാതയുടെ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടുന്നു. 15 കിലോമീറ്റർ മാത്രം പരിശോധിച്ചപ്പോൾ 25ൽ അധികം പ്രദേശങ്ങളാണ് അപകട സാദ്ധ്യതയുള്ളവയായി മോട്ടോർ വാഹനവകുപ്പ് കണ്ടെത്തിയത്. കടപുഴ പാലത്തിനു സമീപമുള്ള വളവ്, പുന്നമ്മൂട് ജംഗ്ഷൻ, ഊക്കമുക്ക്, ഭരണിക്കാവ് ടൗൺ, പാറയിൽ മുക്ക്, ചക്കുവള്ളി ടൗൺ, ശൂരനാട് തെക്കേമുറി, ആനയടി പാലം ഉൾപ്പെടുന്ന ഷാപ്പ് മുക്ക്, ആനയടി തണ്ടാൻ ജംഗ്ഷൻ എന്നിവ അപകടസാദ്ധ്യത കൂടിയ സ്ഥലങ്ങളാണ്.

# തലവേദനയായി ഓടയും

റോഡിലേക്ക് വളർന്നു നിൽക്കുന്ന മരങ്ങളും അശാസ്ത്രീയമായി​ ഓട നി​ർമ്മി​ച്ചതുമെല്ലാം അപകടത്തിന് കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ ജില്ലയിലെ പ്രധാന പാതകൾ ഉൾപ്പെടെയുള്ളവ ഓഡിറ്റിന് വിധേയമാക്കും. ഇന്നലെ നടന്ന പരിശോധനയുടെ ചിത്രങ്ങൾ അടക്കമുള്ള വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറാക്കും. പരിശോധനയിൽ കുന്നത്തൂർ ജോയിന്റ് ആർ.ടി.ഒ ശരത് ചന്ദ്രൻ, എൻഫോഴ്‌സ്‌മെന്റ് വിഭാഗം എം.വി.ഐ ദിലീപ് കുമാർ, എ.എം.വി.ഐമാരായ ബിജോയ്, ശ്രീകുമാർ,ഡ്രൈവർ ഡാനി എന്നിവർ പങ്കെടുത്തു.

# ഫുട് പാത്തില്ല

 ചക്കുവള്ളി- ആനയടി വരെ റോഡിന് 6 മീ​റ്റർ വീതി മാത്രം

 എവിടെയും ഷോൾഡർ റോഡ്, ഫുട്പാത്ത് എന്നിവയില്ല

 അപകട സാദ്ധ്യത ഉയർത്തി റോഡരികിൽ വലിയ മരങ്ങളും വൈദ്യുത തൂണുകളും

 പത്തോളം സ്‌കൂളുകൾ, അവയ്ക്ക് മുന്നിൽ സുരക്ഷാ മുന്നറിയിപ്പുകളില്ല

 ആനയടി പാലത്തിന് സമീപം ഷാപ്പ് മുക്കിൽ റോഡരികിലുള്ള ഓട അപകടക്കെണി

...............................

കൊല്ലം- തേനി ദേശീയപാതയി​ലെ (എൻ.എച്ച്. 183 എ) കടപുഴ മുതൽ ജില്ലാ അതിർത്തിയായ ആനയടി വഞ്ചിമുക്ക് വരെ 15 കിലോമീറ്ററിലുള്ള 25 സ്ഥലങ്ങളിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ ദേശീയപാത വിഭാഗത്തിന് നൽകും. ഇവി​ടെ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ സോഷ്യൽ ഫോറസ്ട്രിക്കും കത്ത് നൽകും

എച്ച്. അൻസാരി, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ