കൊല്ലം: പീരങ്കി മൈതാനത്ത് കളക്ടറേറ്റ് അനക്സ് നിർമ്മിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം വ്യാപകമായി. 'കേരളകൗമുദി' പുറത്തുകൊണ്ടുവന്ന വിഷയം മറ്റു മാദ്ധ്യമങ്ങൾ ഏറ്റെടുത്തതിനു പിന്നാലെ രാഷ്ട്രീയ പാർട്ടികളും പോഷക സംഘടനകളും സന്നദ്ധ സംഘടനകളും രംഗത്തെത്തിയിരിക്കുകയാണ്.
ജില്ല ഭരണകൂടത്തിലെ നിലവിലെ ഉദ്യോഗസ്ഥർ തീരുമാനത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്. പീരങ്കി മൈതാനത്ത് കളക്ടറേറ്റ് അനക്സ് നിർമ്മിക്കാനുള്ള നീക്കത്തെ കഴിഞ്ഞദിവസം സി.പി.എമ്മും സി.പി.ഐയും തള്ളിപ്പറഞ്ഞിരുന്നു. വിഷയം ചർച്ച ചെയ്യാൻ 26ന് എൽ.ഡി.എഫ് ജില്ലായോഗം ചേരുന്നുണ്ട്. പദ്ധതി ഉപേക്ഷിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ യോഗത്തിൽ തീരുമാനമുണ്ടായേക്കും.
 കോർപ്പറേഷൻ പ്രമേയം പാസാക്കും
പീരങ്കി മൈതാനത്ത് കളക്ടറേറ്റ് അനക്സ് നിർമ്മിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്ത് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പ്രമേയം പാസാക്കും. കഴിഞ്ഞ ദിവസം സി.പി.എം- സി.പി.ഐ നേതാക്കളുടെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. 26ന് ജില്ല എൽ.ഡി.എഫ് യോഗം ചേരും. അതിനു ശേഷം കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷരുടെ യോഗം വിഷയം ചർച്ച ചെയ്ത് പ്രമേയത്തിന് രൂപം നൽകും.