4 കോടിയിൽ നിർമ്മാണം
3 നില കെട്ടിടം
കൊല്ലം: കൊല്ലം റൂറൽ എസ്.പി ആസ്ഥാനമന്ദിരം മാർച്ചിൽ ഉദ്ഘാടനം ചെയ്യും. നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. കൊട്ടാരക്കര തൃക്കണ്ണമംഗൽ ഗാന്ധിമുക്കിന് സമീപം മുമ്പ് താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്ന വളപ്പിലാണ് ആസ്ഥാന മന്ദിരം നിർമ്മിക്കുന്നത്. കല്ലട ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് ഇതിനായി വിട്ടുനൽകിയത്. 14,466 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. ആദ്യം ഒന്നര കോടി രൂപയാണ് ആഭ്യന്തര വകുപ്പിൽ നിന്ന് അനുവദിച്ചതെങ്കിലും പിന്നീട് രണ്ട് ഘട്ടമായി നാല് കോടിരൂപവരെയെത്തി. കെട്ടിലും മട്ടിലും മെച്ചപ്പെട്ട കെട്ടിട സമുച്ചയമാണ് നിർമ്മിച്ചത്. നിർമ്മാണം തുടങ്ങി ഏറെക്കാലമായെങ്കിലും ഇപ്പോൾ പൂർത്തിയാകുന്നതിന്റെ സന്തോഷത്തിലാണ് ഉദ്യോഗസ്ഥരും.
അസൗകര്യങ്ങളിൽ നിന്ന് മോചനം
പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിന്റെ ഭാഗമായ കെട്ടിടത്തിൽ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ് നിലവിൽ എസ്.പി ഓഫീസിന്റെ പ്രവർത്തനം. പുതിയ കെട്ടിട സമുച്ചയത്തിന്റെ ഗ്രൗണ്ട് ഫ്ളോറിൽ റിസപ്ഷൻ, റസ്റ്റ് റൂം, കാഷ് കൗണ്ടർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഓഫീസ്, ജില്ലാ ക്രൈം റെക്കാർഡ്സ് ബ്യൂറോ ഡിവൈ.എസ്.പി ഓഫീസ്, ശൗചാലയങ്ങൾ എന്നിവയും എസ്.പിയുടെ ക്യാബിൻ, ഓഫീസ് ലോഞ്ച്, വിശ്രമ മുറികൾ, ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പിയുടെ ഓഫീസ്, ഭരണ വിഭാഗം ഡിവൈ.എസ്.പി ഓഫീസ്, നാർകോട്ടിക് സെൽ, സൈബർ സെൽ, വനിതാസെൽ, ശൗചാലയങ്ങൾ എന്നിവ രണ്ടാം നിലയിലും ടെലി കമ്മ്യൂണിക്കേഷൻ വിഭാഗം, അക്കൗണ്ട്സ് മാനേജർ ഓഫീസ്, മിനിസ്റ്റീരിയൽ വിഭാഗം, കോൺഫറൻസ് ഹാൾ, റെക്കാർഡ്സ് റൂം, ടൊയ്ലറ്റുകൾ എന്നിവ മൂന്നാം നിലയിലും സജ്ജമാക്കും. ഇതേ വളപ്പിൽത്തന്നെ എസ്.പിയുടെ ക്യാമ്പ് ഓഫീസും നിർമ്മിക്കും.