
കൊല്ലം: നാളികേരഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന വീടുകളിലെത്തി തെങ്ങിന് മരുന്ന് തളിച്ച് പണം തട്ടിയ യുവാവിനെ പൊലീസ് പിടികൂടി. മുളവന പേരയം പടപ്പക്കര റൂഫസ് ഭവനിൽ നിവിനാണ്(31) അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. അഞ്ചാലുംമൂട് ഞാറയ്ക്കൽ ഭാഗത്ത് കേരള സർക്കാരിന്റെ ഫോട്ടോപതിച്ച വ്യാജ ടാഗ് ധരിച്ചെത്തിയ ഇയാൾ കേരഗ്രാമം കൃഷി ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തുകയായിരുന്നു. തെങ്ങിന്റെ രോഗ കീടബാധയകറ്റാൻ കേരഗ്രാമം പദ്ധതി പ്രകാരം പ്രത്യേകം വികസിപ്പിച്ച മരുന്ന് വിതരണം ചെയ്യുകയാണെന്ന് നാട്ടുകാരെ വിശ്വസിപ്പിക്കുകയും തെങ്ങ് ഒന്നിന് മരുന്ന് തളിക്കുന്നതിന് 200 രൂപ വീതം വാങ്ങുകയും ചെയ്‌തു. മരുന്ന് തളിക്കുന്നതിൽ സംശയം തോന്നിയ പ്രദേശവാസിയും പൊലീസ് സബ് ഇൻസ്‌പെക്ടറുമായ അനൻബാബുവിന്റെ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം നൽകാതിരുന്നതിനെ തുടർന്ന് അഞ്ചാലുംമൂട് പൊലീസിൽ അറിയിക്കുകയായിരുന്നു. ഇയാളിൽ നിന്ന് സർക്കാരിന്റെ വ്യാജ രസീതും കണ്ടെടുത്തു. തുടർന്ന് സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് ആൾമാറാട്ടം നടത്തിയതിനും നിലവാരമില്ലാത്ത വസ്തുക്കൾ നൽകി ജനങ്ങളെ വഞ്ചിച്ചതിനും കേസെടുത്തു. അഞ്ചാലുംമൂട് ഇൻസ്‌പെക്ടർ സി. ദേവരാജന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ അനീഷ്, അനൻബാബു, ബാബുക്കുട്ടൻപിളള എ.എസ്.ഐ ഓമനക്കുട്ടൻ, സി.പി.ഒമാരായ സുനിൽ ലാസർ, മുഹമ്മദ് ഷാഫി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.