മൺറോത്തുരുത്ത്: കൊവിഡ് ഇളവുകൾ പ്രാബല്യത്തിൽ വന്നിട്ടും കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിക്കാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. കൊല്ലം - മൺറോത്തുരുത്ത്, കൊല്ലം - ശിങ്കാരപ്പള്ളി, തിരുവനന്തപുരം - മൺറോത്തുരുത്ത് ഫാസ്റ്റ് പാസഞ്ചർ സർവീസുകളാണ് പുനരാരംഭിക്കാത്തത്.
സ്കൂളുകൾ കൂടി തുറന്നതോടെ യാത്രാ ക്ളേശം രൂക്ഷമായിരിക്കുകയാണ്. കൊല്ലം ഡിപ്പോയിൽ നിന്ന് മൺറോത്തുരുത്തിൽ നിന്ന് മുളവന കുണ്ടറ വഴിയുള്ള കൊല്ലം സർവീസും ശിങ്കരപ്പള്ളി പേരയം കുണ്ടറ വഴിയുള്ള കൊല്ലം സർവീസും വിദ്യാർത്ഥികളും ഉദ്യോഗസ്ഥർക്കും ഏറെ പ്രയോജനകരമായ സർവീസുകളായിരുന്നു. ഇതുപോലെ മൺറോത്തുരുത്ത്, കിഴക്കേകല്ലട, പേരയം ഗ്രാമ പഞ്ചായത്തുകളിലെ ജനങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകുന്നതിന് ആശ്രയിക്കുന്നത് മൺറോത്തുരുത്ത് പേഴുംതുരുത്ത് തിരുവനന്തപുരം ഫാസ്റ്റിനെയായിരുന്നു. സർവീസുകൾ പുനരാരംഭിക്കുന്നതിന് ജനപ്രതിനിധികൾ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.