കൊട്ടാരക്കര: കൊട്ടാരക്കര എസ്.ജി കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എസ്.എഫ്.ഐ, എ.ബി.വി.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചതോടെ ബി.ജെ.പി, ഡി.വൈ.എഫ്.ഐ പ്രവർത്തകരെത്തി വീണ്ടും സംഘട്ടനമുണ്ടായി. ഇതു തടയാനെത്തിയ കൊട്ടാരക്കര സ്റ്റേഷനിലെ എസ്.ഐ കെ.എസ്. ദീപുവിനും പരിക്കേറ്റു.
എ.ബി.വി.പി പ്രവർത്തകനായ ശ്രീക്കുട്ടൻ (19), എസ്.എഫ്.ഐ പ്രവർത്തകരായ വിഷ്ണു (24), അലീം (22), ഹാരിസ് (18) എന്നിവരെയും താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ആശുപത്രിയിലുണ്ടായ സംഘർഷത്തിനിടെ ഉപകരണങ്ങളും ചില്ലുകളും തല്ലിത്തകർത്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അബീഷ് വിനായക എന്നിവരടക്കം എട്ട് ബി.ജെ.പി പ്രവർത്തകരെയും ഡി.വൈ.എഫ്.ഐ ബ്ളോക്ക് കമ്മിറ്റി സെക്രട്ടറി, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫൈസൽ ബഷീർ അടക്കം രണ്ട് സി.പി.എം പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനും ആശുപത്രിയിൽ സംഘർഷമുണ്ടാക്കി പൊതുമുതൽ നശിപ്പിച്ചതിനുമടക്കം വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
ബി.ജെ.പി പ്രവർത്തകരെ സ്റ്റേഷനിൽ എത്തിച്ചശേഷം പൊലീസ് വാഹനത്തിലേക്ക് കയറ്റാൻ ശ്രമിച്ചപ്പോൾ സ്റ്റേഷനിലും സംഘർഷമുണ്ടായി.