പോരുവഴി: വാഹന ലൈസൻസ് എടുക്കുന്നതിനുള്ള എട്ടും എച്ചും പാസായെന്ന പേരിൽ ഉദ്ദോഗസ്ഥരെ കബളിപ്പിക്കാൻ ശ്രമിച്ച മൂന്നു പേരിൽ രണ്ട് പേരെക്കൂടി ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. മൈനാഗപ്പള്ളി കടപ്പാപള്ളിയുടെ കിഴക്കതിൽ ഉമറൂൾ ഫാറുഖിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കല്ലേലിഭാഗം കല്ലുകടവ് ഷാജി ഭവനിൽ ഷാജി (34), പോരുവഴി കമ്പലടി അസ്ന മൻസിലിൽ അഫ്സൽ (23) എന്നിവരെയാണ് ഇന്നലെ അറസ്റ്റു ചെയ്തത്. കുന്നത്തുർ സബ് ആർ.ടി.ഓഫീസിന്റെ ലൈസൻസ് ടെസ്റ്റ് നടക്കുന്ന പതാരം പഞ്ചായത്ത് മൈതാനത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉമറൂൾ ഫാറുഖ് നാലു ചക്ര വാഹനങ്ങൾക്കുള്ള എച്ചും ഇരുചക്ര വാഹനങ്ങൾക്കുള്ള എട്ടും (പാർട്ട് വൺ ) പാസായതായി അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടർമാരായ അയ്യപ്പദാസും പി. ഷിജുവും സാക്ഷ്യപ്പെടുത്തിയെന്ന വ്യാജ ഒപ്പിട്ട ഫോമും ഇയാളുടെ കയ്യിലുണ്ടായിരുന്നു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വേണകുമാറിന് തോന്നിയ സംശയത്തെ തുടർന്നാണ് തട്ടിപ്പ് കണ്ടെത്തിയതും ഉമറൂൾ ഫറുക്കിനെ അറസ്റ്റു ചെയ്തതും. എന്നാൽ വ്യാജ രേഖ ചമച്ച യഥാർത്ഥ പ്രതികളായ ഷാജിയും അഫ്സലും ശൂരനാട് പൊലീസ് സ്റ്റേഷനിൽ ഇന്നലെ കീഴടങ്ങി. ഇവരെ റിമാൻഡ് ചെയ്തു.