
കൊല്ലം: ജലാശയങ്ങളും തണ്ണീർത്തടങ്ങളും സമൃദ്ധമായ ജില്ലയിൽ വേനൽ കടുത്തതോടെ ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടിത്തുടങ്ങി. ഇടവപ്പാതി കനിയും വരെ ഈ അലച്ചിൽ തുടരും.
മലയോര പ്രദേശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട തീരപ്രദേശങ്ങളും ഒരുപോലെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. മലയോരത്തെ മിക്ക കിണറുകളും വറ്റി. നദികളിൽ തീരൊഴുക്ക് കുറഞ്ഞതോടെ വെള്ളം ഉപയോഗശൂന്യമായി.
വരൾച്ചയിൽ ഭൂഗർഭ ജലം താഴ്ന്നതോടെ വാട്ടർ അതോറിറ്റിയുടെ കുടിവെളള പദ്ധതികളിൽ നിന്നുള്ള ജലവിതരണവും തടസപ്പെട്ടു. കുഴൽക്കിണറുകളെ ആശ്രയിച്ച് ജലവിതരണം നടത്തിയിരുന്ന തീര പ്രദേശങ്ങളിൽ കിണറിന്റെയും മോട്ടോറിന്റെയും തകരാറുകൾ ജലവിതരണത്തെ ബാധിച്ചു.
കുടിവെള്ളം വില കൊടുത്ത് വാങ്ങുന്നവരുടെ എണ്ണവും വർദ്ധിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ ടാങ്കറുകളിൽ കുടിവെള്ള വിതരണം ആരംഭിച്ചെങ്കിലും ഫലപ്രദമാകുന്നില്ല. സ്ത്രീകൾ കുടങ്ങളുമായി പൊതുടാപ്പുകൾക്ക് മുന്നിൽ മണിക്കൂറുകൾ കാത്തുനിൽക്കുന്നതും ദൂരെ സ്ഥലങ്ങളിൽ നിന്ന് വെള്ളം ചുമന്നുകൊണ്ടുവരുന്നതും പതിവുകാഴ്ചയായി മാറിയിട്ടുണ്ട്.
ഫലപ്രദമാകാതെ പദ്ധതികൾ
1. കുടിവെള്ളമെത്തിക്കാൻ പദ്ധതികളേറെയുണ്ടെങ്കിലും ജലക്ഷാമം നേരിടാൻ പര്യാപ്തമല്ല
2. ഭൂഗർഭ ജലനിരപ്പ് വർഷംതോറും താഴുന്നത് പദ്ധതിക്ക് ഭീഷണിയാകുന്നു
3. നിലവിലുള്ള പദ്ധതികളുടെ കാര്യക്ഷമത കുറഞ്ഞു
4. ഗ്രാമീണ കുടിവെള്ളപദ്ധതികൾ നോക്കുകുത്തിയായി
5. വെള്ളത്തിന്റെ ഉപയോഗം വർദ്ധിച്ചതും വെല്ലുവിളി
നഗര ജീവിതം നരകതുല്യം
കൊല്ലം നഗരത്തിൽ മുണ്ടയ്ക്കൽ, അഞ്ചാലുംമൂട്, കടവൂർ, തെക്കുംഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. വെള്ളം കിട്ടാത്തതിനാൽ മുണ്ടയ്ക്കൽ കളീക്കൽ കടപ്പുറത്ത് ഒരു സ്ത്രീ നടത്തിവന്ന തട്ടുകട മൂന്ന് ദിവസമായി അടഞ്ഞുകിടക്കുകയാണ്. ഇവിടെ ആയിരത്തോളം കുടുംബങ്ങളെ കുടിവെള്ളപ്രശ്നം ബാധിച്ചിട്ടുണ്ട്. രണ്ടും മൂന്നും ദിവസം കൂടുമ്പോഴാണ് വാട്ടർ അതോറിട്ടിയുടെ കുടിവെളളം ലഭിക്കുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ ജലവിതരണം ആരംഭിച്ചെങ്കിലും ഫലപ്രദമല്ല.
കുഴൽ കിണറുകൾ പ്രവർത്തന രഹിതം
അഞ്ചാലുംമൂട് ഭാഗത്തെ കുഴൽ കിണറുകളുടെ തകരാർ ജലവിതരണത്തെ ബാധിച്ചു. നീരാവിലെ പമ്പ് ഒന്നര മാസമായി പ്രവർത്തന രഹിതമാണ്. പുതിയ കിണർ കുഴിക്കാനുള്ള ശ്രമം നടക്കുന്നതേയുള്ളു. വെട്ടുവിളയിലെ രണ്ടു കിണറുകളിൽ ഒരെണ്ണം പ്രവർത്തിക്കുന്നില്ല. ഇവിടെ പുതിയ കിണർ കുഴിക്കാൻ നഗരസഭ 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ടുമെന്റിന്റെ അനുമതി ലഭിച്ചില്ല.
""
വേനൽ ശക്തിപ്പെട്ടതോടെ ജില്ലയിൽ നഗര - ഗ്രാമ വ്യതാസമില്ലാതെ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. മഴവെള്ള സംഭരണികൾ വ്യാപിച്ചാൽ മാത്രമേ വേനലിനെ തരണം ചെയ്യാൻ സാധിക്കൂ.
ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ടുമെന്റ് അധികൃതർ