പരിശീലനം കിട്ടാതെ നൂറിലേറെ കായികതാരങ്ങൾ പുറത്ത്
കൊല്ലം: കൊവിഡിന്റെ പിടിയിൽ നിന്ന് ആശ്രാമം ഹോക്കി സ്റ്റേഡിയം രക്ഷപ്പെടുന്നതും കാത്തിരിക്കുകയാണ് നൂറിലേറെ ഹോക്കി താരങ്ങൾ. സ്റ്റേഡിയത്തിൽ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തിക്കുന്നതിനാൽ കൊല്ലം സായി, സ്റ്റേഡിയത്തിലെ സ്പോർട്സ് അക്കാഡമി എന്നിവിടങ്ങളിലെ 70 ഓളം പേർക്ക് മാത്രമാണ് ഇപ്പോൾ പരിശീലനത്തിന് അനുമതിയുള്ളത്. വിവിധ കോളേജുകൾ, സ്കൂളുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിലെ നൂറിലേറെ കായികതാരങ്ങൾ പരിശീലനം കിട്ടാതെ പുറത്തു നിൽക്കുകയാണ്. പരിശീലനത്തിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ നിരവധി താരങ്ങളാണ് ദിവസവും സ്റ്റേഡിയത്തിന് മുമ്പിലെത്തി നിരാശരായി മടങ്ങുന്നത്.
ഹോക്കി സ്റ്റേഡിയത്തിൽ രണ്ട് പിച്ചുകളാണുള്ളത്. ഇതിൽ പ്രധാന പിച്ച് കൊവിഡ് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തോട് ചേർന്നാണ്. അതുകൊണ്ട് തന്നെ പ്രാക്ടീസ് പിച്ചിൽ മാത്രമാണ് ഇപ്പോൾ പരിശീലനം. വല്ലപ്പോഴു പ്രധാന പിച്ചിലേക്ക് ശ്വാസം അടക്കിപ്പിടിച്ചാണ് താരങ്ങളെത്തുന്നത്.
നാല് രോഗികൾ മാത്രം
ഹോക്കി സ്റ്റേഡിയത്തിലെ കൊവിഡ് ചികിത്സ കേന്ദ്രത്തിൽ ഇന്നലത്തെ കണക്ക് പ്രകാരം നാല് രോഗികൾ മാത്രമാണുള്ളത്. ഇതിൽ ഒരാൾക്ക് മാത്രമാണ് ഓക്സിജൻ ആവശ്യമുള്ളത്. കഴിഞ്ഞ ഒന്നരയാഴ്ചയായി പത്തിൽ താഴെ രോഗികൾ മാത്രമാണുള്ളത്. എന്നാൽ, 15 ഓളം രോഗികൾ ചികിത്സയിലുണ്ടെന്ന തെറ്റായ കണക്ക് നൽകി ഹോക്കി സ്റ്റേഡിയം വിട്ടുനൽകാതിരിക്കാൻ ആരോഗ്യവകുപ്പ് ശ്രമിക്കുന്നതായിട്ടാണ് അക്ഷേപം.
17 ജീവനക്കാർ
വിരലിലെണ്ണാവുന്ന രോഗികൾ മാത്രമാണുള്ളതെങ്കിലും മൂന്ന് ഡോക്ടർമാർ അടക്കം 17 ജിവനക്കാർ ഇവിടെയുണ്ട്. ഇതിൽ ഒരു ഡോക്ടറും രണ്ട് നഴ്സുമാരും ഒഴിച്ച് ബാക്കിയെല്ലാവരും കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരാണ്. മാർച്ച് 31 വരെയാണ് ഇവരുടെ കാലാവധി. ജില്ലാആശുപത്രിയിൽ പ്രത്യേക വാർഡ് ക്രമീകരിച്ച് ജീവനക്കാരെ അവിടെ പുനർവിന്യസിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ആരോഗ്യവകുപ്പ് പരിഗണിച്ചിട്ടില്ല.
ആശ്രയമാണ് (ബോക്സ്)
ആശ്രാമത്തെ ടർഫ്
പരിശീലനം കിട്ടാതെ സ്റ്റേഡിയത്തിൽ വന്നുപോകുന്നവരിൽ മുൻ കേരള ടീം ക്യാപ്റ്റനും നിലവിലെ സംസ്ഥാന ടീമിലെ അംഗങ്ങളും വരെയുണ്ട്. സംസ്ഥാന, ദേശീയ ചാമ്പ്യൻഷിപ്പുകൾ ഉടൻ നടക്കാനിരിക്കെ ഇവർക്ക് പരിശീലനം നടത്താൻ കഴിയാത്തത് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ദേശീയ ചാമ്പ്യൻഷിപ്പുകളെല്ലാം സിന്തറ്റിക് ടർഫുകളിലാണ് നടക്കുന്നത്. കൊല്ലം ഹോക്കി സ്റ്റേഡിയത്തിലും തിരുവനന്തപുരം ജി.വി രാജ സ്കൂളിലും മാത്രമാണ് സംസ്ഥാനത്ത് സിന്തറ്റിക് ഹോക്കി ടർഫുള്ളത്. ജി.വി രാജയിലെ ടർഫിൽ പുറത്തുള്ളവർക്ക് പരിശീലനം നൽകില്ല. അതുകൊണ്ട് തന്നെ, ജില്ലയ്ക്ക് പുറമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹോക്കി താരങ്ങളുടെയും ആശ്രയമാണ് ആശ്രാമത്തെടർഫ്.