നവീകരണത്തിന് 31,40,000 രൂപ
കൊല്ലം: പുത്തൂർ പാണ്ടറ ചിറയുടെ ശാപമോക്ഷത്തിന് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി. 31 ലക്ഷം രൂപ അനുവദിച്ചു. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കരുവായം വാർഡിലാണ് ചിറയുള്ളത്. കൊട്ടാരക്കര- പുത്തൂർ റോഡിന്റെ അരികിലായി പാണ്ടറ ജംഗ്ഷനിലുള്ള ചിറ ഒരുകാലത്ത് നാടിന്റെ ജലസമ്പത്തായിരുന്നു. ഗ്രാമത്തിന് മുഴുവൻ തെളിനീർ പകർന്നുനൽകിയ വിസ്തൃതിയുള്ള ചിറയുടെ കാലക്കേട് തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടു. കരവെള്ളമിറങ്ങിയും മാലിന്യം നിറഞ്ഞും പായലും ചേമ്പും കുറ്റിക്കാടുകളുമൊക്കെയായി ചിറ തീർത്തും ഉപയോഗ ശൂന്യമായി.
സുജലം പദ്ധതി
ജില്ലാ പഞ്ചായത്തിന്റെ സുജലം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 31,40,000 രൂപ പാണ്ടറ ചിറയുടെ നവീകരണത്തിനായി അനുവദിച്ചത്. ചിറയിലെ വെള്ളം വറ്റിച്ച് ചെളി കോരിമാറ്റി വൃത്തിയാക്കും. തകർച്ചയിലായ സംരക്ഷണ ഭിത്തികൾ പുനർനിർമ്മിക്കും. കരവെള്ളം ചിറയിലേക്ക് ഇറങ്ങാത്തവിധം ഉയർത്തിക്കെട്ടും. നാല് വശങ്ങളിലും ടൈൽ പാകിയ നടപ്പാത ഒരുക്കും. അലങ്കാര കൗതുകങ്ങളും പൂച്ചെടികളും വച്ച് നാല് ചുറ്റും മനോഹരമാക്കും. ജി.ഐ പൈപ്പുകൾ ഉപയോഗിച്ച് സംരക്ഷണ വേലി കെട്ടിത്തിരിക്കും. കുളിക്കടവ് നവീകരിക്കും. നീന്തൽക്കുളമായി മാറുന്ന വിധത്തിലാണ് നവീകരണം നടത്തുക. വൈകുന്നേരങ്ങളിൽ വിശ്രമിക്കാനും വിനോദങ്ങൾക്കുമുള്ള പാർക്കായി ചിറയുടെ പരിസരം മാറ്റുന്നവിധത്തിലാണ് പദ്ധതി. ചിറയിലെ വെള്ളം കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള സൗകര്യങ്ങളും തയ്യാറാക്കും.
ചിറ നാടിന്റെ ഐശ്വര്യമായി മാറും
ഏറെക്കാലമായി അവഗണിച്ചിട്ടിരുന്ന പാണ്ടറ ചിറ തീർത്തും നാശത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. അടുത്തകാലത്ത് കരുവായം വാർഡിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് സി.പി.എമ്മിലേക്ക് എത്തിയിരുന്നു. ചിറയുടെ നവീകരണം സാദ്ധ്യമാക്കണമെന്ന അവരുടെ ആവശ്യം യാഥാർത്ഥ്യമാക്കാനായി മന്ത്രി കെ.എൻ.ബാലഗോപാലിനൊപ്പം ചിറ സന്ദർശിച്ചിരുന്നു. തുടർന്നാണ് ജില്ലാ പഞ്ചായത്ത് ചിറ നവീകരിക്കാൻ പദ്ധതി തയ്യാറാക്കിയത്. നവീകരണം പൂർത്തിയാകുന്നതോടെ ചിറ നാടിന്റെ ഐശ്വര്യമായി മാറും.സുമാലാൽ, വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്