photo
ഷാരോൺ (28)

അഞ്ചൽ: ആയിരനല്ലൂർ കിണറ്റുമുക്ക് പള്ളിപ്പുറം വീട്ടിൽ സുനിൽകുമാറിനെ (42) വീട്ടിൽ കയറി കുത്തിപരിക്കേൽപ്പിച്ച കേസിൽ ഒരാളെ ഏരൂർ എസ്.ഐ. ശരലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. മണലിൽ മേക്കുളത്തുവീട്ടിൽ ഷാരോൺ (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 18ന് അണ്ടത്തൂർ ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്ത് ഷാരോൺ പ്രശ്നമുണ്ടാക്കിയത് സുനിൽകുമാർ ചോദ്യം ചെയ്യുകയും താക്കീത് നൽകുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ പിറ്റേദിവസം രാവിലെ പ്രതി സുനിൽകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഷാരോൺ ഒളിവിൽ പോവുകയായിരുന്നു. പിന്നീട് പ്രതി അഞ്ചലിന് സമീപം ഒളിവിൽ കഴിയുന്നതായി പുനലൂർ ഡിവൈ.എസ്.പിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ. ശരലാൽ, ഗ്രേഡ് എസ്.ഐ. നിസാറുദ്ദീൻ, സിവിൽ പൊലീസ് ഓഫീസർമാരായ ബിജു താജുദ്ദീൻ, അനീഷ് മോൻ എന്നിവർ ഉൾപ്പെട്ട സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.