
സൈക്ലോൺ ഷെൽട്ടറും പരിഗണനയിൽ
കൊല്ലം: പീരങ്കി മൈതാനത്ത് കളക്ടറേറ്റ് അനക്സ് നിർമ്മിക്കുന്നതിന് പുറമേ സൈക്ലോൺ ഷെൽട്ടർ നിർമ്മാണവും പരിഗണനയിൽ. മൈതാനത്തിന്റെ ചരിത്ര പ്രാധാന്യത്തെക്കുറിച്ച് തിരിച്ചറിവില്ലാത്ത ഒരു കൂട്ടം ഉദ്യോഗസ്ഥർ മൈതാനം പൂർണമായും കോൺക്രീറ്റ് കെട്ടിടങ്ങൾ കൊണ്ട് നിറയ്ക്കാനുള്ള നീക്കമാണ് നടത്തുന്നത്.
ദുരന്തങ്ങൾ ഉണ്ടാകും മുമ്പേ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്ന കേന്ദ്രമാണ് സൈക്ലോൺ ഷെൽട്ടർ. ഭൂകമ്പം അടക്കമുള്ള ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന കെട്ടിടമാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞത് മൂന്ന് നിലയുള്ള കെട്ടിടത്തിൽ ആയിരത്തോളം പേരെയെങ്കിലും പാർപ്പിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഭീമൻ കെട്ടിടമായിരിക്കുമെന്ന കാര്യം ഉറപ്പാണ്.
ഈ സൈക്ലോൺ ഷെൽട്ടർ കൂടി വന്നാൽ പീരങ്കി മൈതാനത്ത് പിന്നെ മണ്ണ് നുള്ളിയിടാൻ പോലും സ്ഥലമുണ്ടാകില്ല. നിലവിൽ കരുനാഗപ്പള്ളി താലൂക്കിന്റെ സൈക്ലോൺ ഷെൽട്ടർ തഴവയിൽ കഴിഞ്ഞ വർഷം പൂർത്തിയായിരുന്നു. കൊല്ലം താലൂക്കിന്റെ ഷെൽട്ടറാണ് പീരങ്കി മൈതാനത്ത് ആലോചിക്കുന്നത്.
'' ''
കളക്ടറേറ് അനക്സ് നിർമ്മാണത്തിന് ഇതുവരെ ഭരണാനുമതി ലഭ്യമായിട്ടില്ല. സർക്കാർ നിർദ്ദേശത്തിന് അനുസൃതമായി മാത്രമാകും ഈ മേഖലയുടെ വിനിയോഗം സംബന്ധിച്ച തീരുമാനമെടുക്കുക.
അഫ്സാന പർവീൺ
ജില്ലാ കളക്ടർ
പൈതൃകം ഇല്ലാതാക്കരുത്: കൊല്ലം ഫാസ്
ചരിത്രത്തിന്റെ തിരുശേഷിപ്പുകളിലൊന്നായ പീരങ്കി മൈതാനം ഇല്ലാതാക്കരുതെന്ന് കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി എക്സി. കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സ്വാതന്ത്ര്യസമര സേനാനികളുടെ ചോര വീണ മണ്ണാണ് പീരങ്കി മൈതാനം. മൈതാനം ഇല്ലാതാക്കുന്നത് രക്തസാക്ഷികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും യോഗം വ്യക്തമാക്കി. സലിം നാരായണൻ പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ആശ്രാമം ഭാസി അദ്ധ്യക്ഷനായി. ട്രഷറർ ക്ലീറ്റസ് മാർസിലിൻ സംസാരിച്ചു.