
കൊല്ലം: തോപ്പിൽകടവിലുളള പെട്രോൾ പമ്പിലെ കാബിനിൽ നിന്ന് പണം കവർന്നയാളെ പൊലീസ് പിടികൂടി. ശക്തികുളങ്ങര കുരീപ്പുഴ മാമ്മൂട്ടിൽകടവ് വടക്കേറ്റത്ത് വീട്ടിൽ വിഷ്ണു (30) ആണ് പിടിയിലായത്. ജനുവരി 31ന് വിഷ്ണു പമ്പിലെത്തി വാഹനത്തിൽ പെട്രോൾ നിറച്ചതിന് ശേഷം മടങ്ങി പോകാൻ ശ്രമിച്ചപ്പോൾ പമ്പ് ജീവനക്കാർ തടഞ്ഞ് വച്ചു. തുടർന്ന് മൊബൈൽ ഫോൺ പമ്പിലേൽപ്പിച്ച് തിരികെ പോകുകയായിരുന്നു. അടുത്ത ദിവസം മടങ്ങി വന്ന് പണം നൽകി. മൊബൈൽ വാങ്ങിക്കാൻ വിഷ്ണുവിനെ ജീവനക്കാരൻ കാബിനിലേക്ക് അയച്ചു. കാബിനിൽ കടന്ന വിഷ്ണു മേശയിൽ സൂക്ഷിച്ചിരുന്ന പണം കവർന്ന് സ്ഥലം വിട്ടു. മേശയിൽ സൂക്ഷിച്ചിരുന്ന 1.80 ലക്ഷം രൂപ മോഷണം പോയതായി ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ കൊല്ലം വെസ്റ്റ് പൊലീസിൽ പരാതി നൽകി. പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. അന്വേഷണം ആരംഭിച്ചതോടെ തിരുവനന്തപുരത്തേക്ക് രക്ഷപ്പെട്ട വിഷ്ണു അവിടെ വച്ച് വാഹനപകടത്തിൽപ്പെട്ടു. ചികിത്സ കഴിഞ്ഞതോടെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.