arrest

കൊല്ലം: പിണങ്ങി കഴിയുന്ന ഭാര്യയെയും മക്കളെയും കാണാനെത്തിയ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭാര്യാസഹോദരൻ അറസ്റ്റിൽ. മങ്ങാട് ശാസ്താംമുക്ക് വയലിൽ പുത്തൻവീട്ടിൽ ശ്യാംകുമാർ (32) ആണ് പിടിയിലായത്. സഹോദരിയും മക്കളും കുറച്ച് ദിവസങ്ങളായി ശ്യാംകുമാറിന്റെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസം രാത്രി കാര്യങ്ങൾ പറഞ്ഞ് തീർത്ത് രമ്യതയിലാക്കി ഇവരെ വിളിച്ചുകൊണ്ട് പോകാൻ ഭർത്താവായ സുമേഷ് വീട്ടിലെത്തി. എന്നാൽ ശ്യാംകുമാർ അത് തടഞ്ഞു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ ശ്യാംകുമാർ വെട്ടുകത്തിയെടുത്ത് സുമേഷിന്റെ തലയിലും കൈകാലുകളിലും വെട്ടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി വെട്ടേറ്റ സുമേഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കിളികൊല്ലൂർ പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.