കൊല്ലം: പതിനൊന്ന് വർഷം മുൻപ് പൂർത്തിയായ മുനീശ്വരൻകോവിൽ - കപ്പലണ്ടി മുക്ക് റോഡ് വികസനവുമായി ബന്ധപ്പെട്ട് കരാറുകാരന് 1,21,73000 രൂപ നൽകണമെന്ന ഉത്തരവ് നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോർപ്പറേഷന് ഹൈക്കോടതിയുടെ അന്ത്യശാസനം. മാർച്ച് 31ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. ഇക്കാര്യത്തിൽ പരാജയപ്പെട്ടാൽ മേയറും സെക്രട്ടറിയും നേരിട്ട് മാർച്ച് 31ന് ഹാജരാകാനും ഹൈക്കോടതി ഉത്തരവിട്ടു.
ഈമാസം 22ന് കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി ജഡ്ജി എൻ.നഗരേഷ് രൂക്ഷമായ പരാമർശങ്ങളാണ് കോർപ്പറേഷനെതിരെ നടത്തിയത്. ഉത്തരവ് നടപ്പാക്കാൻ കോർപ്പറേഷന് വേണ്ടി ഹാജരായ അഭിഭാഷകൻ ഒന്നരമാസം കൂടി അധികസമയം ആവശ്യപ്പെട്ടു. വിഷയം കോർപ്പറേഷൻ കൗൺസിലിന്റെ പരിഗണനയിലാണെന്ന് പറഞ്ഞതോടെ, 'കൗൺസിൽ എന്ന് പറഞ്ഞാൽ ഇന്ത്യൻ പാർലമെന്റ് ഒന്നുമല്ലല്ലോ' എന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം. പണം അനുവദിക്കാത്തതിനെതിരെ കരാർ ഏജൻസിയായ കെ. ലക്ഷ്മൺ ആൻഡ് കമ്പിനി ഫയൽ ചെയ്ത ഹർജിയിൽ 2020 ഫെബ്രുവരിയിൽ പുറപ്പെടുവിച്ച ആദ്യ ഉത്തരവും പിന്നീടുള്ള രണ്ട് തുടർ ഉത്തരവുകളും നടപ്പാക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി കർശന നിലപാടിലേക്ക് നീങ്ങിയത്.
2008 ലാണ് കെ. ലക്ഷ്മണൻ ആൻഡ് കമ്പിനി മുനീശ്വരൻകോവിൽ- കപ്പലണ്ടി മുക്ക് റോഡ് വികസനത്തിന്റെ കരാർ ഏറ്റെടുത്തത്. കരാർ നടപടികൾ പൂർത്തിയായിട്ടും റോഡ് വീതികൂട്ടാനുള്ള സ്ഥലം ഏറ്റെടുക്കൽ നഗരസഭ ആരംഭിച്ചില്ല. അങ്ങനെ പത്ത് മാസത്തോളം നിർമ്മാണം സ്തംഭിച്ചു. ഇത്രയും കാലം കരാറുകാരന്റെ കോടികൾ വിലയുള്ള ഉപകരണങ്ങൾ നിഷ്ക്രിയമായി കിടന്നു. നഗരസഭാ അധികൃതരുടെ വീഴ്ച കാരണം കരാറുകാരന് ഈയിനത്തിലുണ്ടായ 1.21 കോടി രൂപയുടെ അധിക ചെലവ് നൽകാൻ നഗരസഭ തയ്യാറായില്ല. പണം നൽകേണ്ടതാണെന്ന കെ.എസ്.യു.ഡി.പി 2013ൽ അധികൃതരോട് കത്ത് മുഖന ആവശ്യപ്പെട്ടിരുന്നു. കെ.എസ്.യു.ഡി.പി പിരിച്ചുവിട്ട ശേഷം നിലവിൽ വന്ന അമൃത് മിഷൻ ഡയറക്ടറോട് ഇതുമായി ബന്ധപ്പെട്ട നിലപാട് അന്നത്തെ നഗരസഭ ആരാഞ്ഞിരുന്നു. പണം കൊടുക്കണമെന്നായിരുന്നു അമൃത് മിഷൻ ഡയറക്ടറുടെയും മറുപടി. ഈ മറുപടി വാങ്ങി പോക്കറ്റിൽ വച്ചതല്ലാതെ പണം കൊടുക്കാൻ തയ്യാറായില്ല. ഇതേത്തുടർന്നാണ് കരാർ കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. കെ. ലക്ഷ്മൺ ആൻഡ് കമ്പിനിക്ക് വേണ്ടി അഭിഭാഷകരായ ദണ്ഡപാണിയും മില്ലു ദണ്ഡപാണിയും കോടതിയിൽ ഹാജരായി.