1-
വ്യാപാരസ്ഥാപനത്തിലെ ജോലികഴിഞ്ഞ് വീട്ടിൽ പോകാനായി രാത്രി 8ന് ചിന്നക്കട ബസ് ടെർമിനലിലെത്തിയ യുവതിയോട് ഭിക്ഷ ചോദിക്കുന്ന യാചകൻ

 ഭിക്ഷാടനത്തിലൂടെ കിട്ടുന്ന പണം മദ്യത്തിനും മറ്റ് ലഹരികൾക്കും

കൊല്ലം: കൊവിഡിന്റെ പിടി അയഞ്ഞതോടെ ഭിക്ഷാടനക്കാർ വീണ്ടും സജീവം. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർക്ക് ഇവർ വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

ബസ് സ്റ്റാൻഡുകൾ, സ്ത്രീകളും കുട്ടികളും സജീവമായ പാർക്കുകൾ, ബീച്ചുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ഇവർ സജീവമാണ്. ഭിക്ഷ നൽകിയില്ലെങ്കിൽ ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതും കുട്ടികളെ ഭയപ്പെടുത്തുന്നതും ഇവരുടെ പതിവ് പരിപാടിയാണ്. വ്യാപാരസ്ഥാപനങ്ങളിലെ ജോലിക്ക് ശേഷം വീട്ടിൽപോകാൻ ബസ് കാത്തുനിൽക്കുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചാണ് രാത്രിയിലെ ഭിക്ഷാടനം. പലരും ഭയപ്പാടോടെയാണ് ബസ് സ്റ്റോപ്പുകളിൽ നിൽക്കുന്നത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി പിങ്ക് പൊലീസ് അടക്കമുള്ള സംവിധാനങ്ങൾ ശക്തമാണെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും പലപ്പോഴും ഇവ പ്രയോജനപ്പെടാറില്ല.

രാത്രി 7 മണി കഴിഞ്ഞാൽ പിങ്ക് പൊലീസുകാരെ പുറത്ത് കാണാറില്ലെന്നതാണ് യാഥാർത്ഥ്യം. പ്രധാനകേന്ദ്രങ്ങളിൽ പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും ഭിക്ഷാടനത്തിനും അവരുടെ ഭീഷണിക്കും തടയിടാൻ പൊലീസിന് കഴിയുന്നില്ല. ഏറ്റവും കുറഞ്ഞത് ബസ് സ്റ്റാൻഡുകളിൽ യാത്രയ്ക്കെത്തുന്നവരുടെ സുരക്ഷയെങ്കിലും ഉറപ്പുവരുത്താൻ പൊലീസ് ഇടപെടണമെന്നതാണ് ആവശ്യം.

അഞ്ചുരൂപയോ

ആ‌ർക്ക് വേണം !

പണ്ട് ഭക്ഷണത്തിനാണ് ഭിക്ഷതേടിയിരുന്നതെങ്കിൽ ഇപ്പോൾ അത് മദ്യത്തിനും മറ്റ് ലഹരി ഉപയോഗത്തിനുമാണ്. നാണയങ്ങൾ ഭിക്ഷയായി നൽകിയാൽ അത് അവർക്കുനേരെ വലിച്ചെറിയുന്നതും പതിവായിട്ടുണ്ട്. ചായകുടിക്കാൻ, മരുന്ന് വാങ്ങാൻ, ബസ് കൂലിക്ക് എന്നിങ്ങനെ ആവശ്യം പറഞ്ഞാണ് ഇപ്പോഴത്തെ യാചന. കാശിന് പകരം ചായവാങ്ങിത്തരാമെന്ന് പറഞ്ഞാൽ അവർ അത് നിരസിക്കുകയും കയർക്കുകയും ചെയ്യും.

ഭയം തോന്നി പണം നൽകി ഒഴിവാക്കുമെന്നതിനാലാണ് ഇവർ കൂടുതലായി സ്ത്രീകളെ സമീപിക്കുന്നത്. സ്ത്രീകൾക്കൊപ്പം കുട്ടികൾ കൂടിയുണ്ടെങ്കിൽ പണം വാങ്ങൽ എളുപ്പമാണെന്ന കണക്കുകൂട്ടലും ഇവർക്കുണ്ട്. സന്നദ്ധ പ്രവർത്തകർ ഇവർക്ക് എല്ലാ ദിവസവും ഭക്ഷണം എത്തിച്ചുകൊടുക്കുന്നതിനാൽ വിശപ്പിന്റെ പ്രശ്നം ഉദിക്കുന്നില്ല. യാചിച്ച് കിട്ടുന്ന പണം മുഴുവൻ മദ്യത്തിനും മറ്റ് ലഹരികൾക്കും വേണ്ടിയാണ് ഇവർ ഉപയോഗിക്കുന്നത്. കഞ്ചാവ് കച്ചവടം നടത്തിയതിന് യാചകൻ പിടിയിലായ സംഭവവും ജില്ലയിലുണ്ടായിട്ടുണ്ട്.

ആവശ്യംപറഞ്ഞ് യാചന

 കവലകൾ കൈയടക്കി യാചകർ

 സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുത്തി പണപ്പിരിവ്

 പണം നൽകിയില്ലെങ്കിൽ ഭീഷണിയും അസഭ്യവും

 നാണയത്തുട്ടുകൾ വലിച്ചെറിയും

 യാചകരിൽ പലരും ലഹരിക്ക് അടിമ

 ബസിൽ കയറിയും ഭിക്ഷാടനം

 കുറഞ്ഞത് 10 രൂപ വേണമെന്ന് ആവശ്യം