കൊല്ലം: കൊവിഡ് ചികിത്സയ്ക്ക് മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തി ആശ്രാമം ഹോക്കി സ്റ്റേഡിയം താരങ്ങൾക്ക് വിട്ടുകൊടുക്കണമെന്ന് ഇന്ത്യൻ ഹോക്കി ടീം നായകനായ പി.ആർ. ശ്രീജേഷ് കളക്ടർ അഫ്സാന പർവീണിനോട് അഭ്യർത്ഥിച്ചു.
സംസ്ഥാനത്തെ എല്ലാ വിഭാഗം ഹോക്കി താരങ്ങൾക്കും പരിശീലനം നടത്താൻ അനുമതിയുള്ള ഏക സിന്തറ്റിട് ടർഫാണ് ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലേത്. രാജ്യവ്യാപകമായി കൊവിഡ് ഭീഷണി കുറഞ്ഞിരിക്കുകയാണ്. അതിന് പുറമേ ദേശീയ, സംസ്ഥാന ഹോക്കി ചാനമ്പ്യൻഷിപ്പുകൾ ആരംഭിക്കാനിരിക്കുകയാണ്. ആശ്രാമം ഹോക്കി സ്റ്റേഡിയം കൊവിഡ് ചികിത്സാകേന്ദ്രമായി നിലനിൽക്കുന്നതിനാൽ താരങ്ങൾക്ക് പരിശീലനം നടത്താൻ കഴിയാത്ത അവസ്ഥയാണ്. ഇത് കേരളത്തിന്റെയും രാജ്യത്തിന്റെയും ഹോക്കി പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാകും. അത് സംഭവിക്കാതിരിക്കാൻ ഹോക്കി സ്റ്റേഡിയത്തിലെ കൊവിഡ് ചികിത്സാ കേന്ദ്രം മറ്റെവിടേക്കെങ്കിലും മാറ്റണമെന്നും കളക്ടർക്കുള്ള ഇ- മെയിൽ സന്ദേശത്തിൽ പറയുന്നു.
പിടിവിടാതെ
ആരോഗ്യവകുപ്പ്
2020 ജൂലായ് 17നാണ് ഹോക്കി സ്റ്റേഡിയം കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കിയത്. പിന്നീട് കൊവിഡ് വ്യാപനം രൂക്ഷമാകുകയും ഗുരുതര രോഗികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തതോടെ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കി. ഓക്സിജൻ സംവിധാനം അടക്കം ഏർപ്പെടുത്തി പതിനായിരക്കണക്കിന് രോഗികൾക്ക് ഇവിടെ ചികിത്സ നൽകി. എന്നാൽ കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഇവിടെയെത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ചയായി പത്തിൽ താഴെ രോഗികൾ മാത്രമാണുള്ളത്. മറ്റ് പല കൊവിഡ് ചികിത്സാകേന്ദ്രങ്ങളും ഇതിനകം നിർത്തലാക്കിയിട്ടും ഹോക്കി സ്റ്റേഡിയം വിട്ടുനൽകാതെ ആരോഗ്യ വകുപ്പ് പിടിമുറുക്കിയിരിക്കുകയാണ്.