bridge
പാലം

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബോ സ്ട്രിംഗ് ആർച്ച് പാലം

നിർമ്മാണച്ചെലവ് : 146 കോടി

നീളം : 976 മീറ്റർ

വീതി: 13.2 മീറ്റർ

രു ആർച്ചിന്റെ നീളം : 110 മീറ്റർ

ഓച്ചിറ: ആലപ്പുഴ ജില്ലയിലെ വലിയഴീക്കലിനെയും കൊല്ലം ജില്ലയിലെ അഴീക്കലിനെയും ബന്ധിപ്പിക്കുന്ന അഴീക്കൽ-വലിയഴീക്കൽ പാലം മാർച്ച് 10ന് മുഖ്യമന്ത്രി പിണരായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷനായിരിക്കും. എം.എൽ.എമാരായ രമേശ് ചെന്നിത്തല, സി.ആർ. മഹേഷ് എന്നിവർ പങ്കെടുക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബോ സ്ട്രിംഗ് ആർച്ച് പാലമാണിത്.

പ്രധാന ആകർഷണം ബോ സ്ട്രിംഗ് ആർച്ചുകൾ

2016 ഫെബ്രുവരി 27നാണ് പാലത്തിന് തറക്കല്ലിട്ടത്. പാലം നിർമ്മിച്ചത് ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്. 9 സ്പാനുകളുള്ള പാലത്തിന്റെ നിർമ്മാണച്ചെലവ് 146 കോടിയാണ്. 976 മീറ്ററാണു നീളം. പ്രധാന ആകർഷണം, മദ്ധ്യഭാഗത്തെ 3 ബോ സ്ട്രിംഗ് ആർച്ചുകളാണ്. അപ്രോച്ച് റോഡ് ഉൾപ്പെടെ 1229 മീറ്ററാണ് നീളം. നടപ്പാത ഉൾപ്പെടെ 13.2 മീറ്ററാണ് പാലത്തിന്റെ വീതി. 110 മീറ്ററാണ് ഒരു ആർച്ചിന്റെ നീളം.

ടൂറിസത്തിന് വഴിയൊരുക്കും

പാലത്തിന് മുകളിൽ നിന്ന് ഉദയവും അസ്തമയവും കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പാലം വരുന്നതോടെ അഴീക്കൽ നിന്ന് വലിയഴീക്കലേക്ക് സഞ്ചരിക്കുന്നവർക്ക് 28 കിലോമീറ്റർ ദൂരം ലാഭിക്കാനാകും. വലിയഴീക്കലിൽ പുതുതായി നിർമ്മിച്ച രാജ്യത്തെ ആദ്യത്തെ പഞ്ചമുഖ ലൈറ്റ് ഹൗസ് നിരവധി വിനോദ സഞ്ചാരികളെയാണ് ആകർഷിക്കുന്നത്. അറബിക്കടലിൽ നിന്ന് ദേശീയ ജലപാതയിലേക്കും അഴീക്കൽ ഹാർബറിലേക്കും ഭാവിയിൽ ചെറിയ കപ്പലുകളും ബാർജുകളും പാലത്തിന്റെ അടിയിൽ കൂടി കടന്ന് പോകത്തക്ക വിധം പാലത്തിന് ജലോപരിതലത്തിൽ നിന്ന് 12 മീറ്റർ ഉയരത്തിൽ വെർട്ടിക്കൽ ക്ളിയറൻസും 100 മീറ്റർ ഹൊറിസോണ്ടൽ ക്ളിയറൻസുമുണ്ട്.

വലിയഴീക്കലും അഴീക്കലും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഉദ്ഘാടനം നാടിന്റെ വികസനത്തിലെ സുപ്രധാനമായ ഒരു നാഴിക കല്ലായി മാറും.

പരസ്പരം എല്ലാ അർത്ഥത്തിലും ബന്ധപ്പെട്ട് ജീവിക്കുന്നവരാണ് അഴീക്കൽ, വലിയഴീക്കൽ ഗ്രാമവാസികൾ. രണ്ട്‍ ജില്ലകൾക്കിടയിലെ വളരെ മനോഹരമായ ഒരു നിർമ്മിതിയാണ് പുതിയ പാലം. ഇത് മനുഷ്യ ജീവിതത്തിനു മാത്രമല്ല ടൂറിസം സാദ്ധ്യതകൾക്കും കരുത്തു പകരും.

സി.ആർ മഹേഷ് എം.എൽ.എ.