
കൊല്ലം: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റിൽ (ഡി.ആർ.ഡി.ഒ ജി.ടി.ആർ.ഇ) 150 അപ്രന്റിസ് ട്രെയിനികളുടെ ഒഴിവിലേക്ക് മാർച്ച് 14 വരെ അപേക്ഷിക്കാം.
ഗ്രാജുവേറ്റ് അപ്രന്റിസിൽ മെക്കാനിക്കൽ, ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ (30), എയ്റോനോട്ടിക്കൽ, എയ്‌റോ സ്‌പേസ് (15), ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ, ടെലികോം എൻജിനീയറിംഗ് (10), കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജി (15), മെറ്റീരിയൽ സയൻസ് (4), സിവിൽ എൻജിനീയറിംഗ് (1), ഡിപ്ലോമ അപ്രന്റിസിൽ മെക്കാനിക്കൽ, ടൂൾ ആൻഡ് ഡൈ ഡിസൈൻ (10), ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ (7), കമ്പ്യൂട്ടർ സയൻസ്, എൻജിനീയറിംഗ്, കമ്പ്യൂട്ടർ നെറ്റ് വർക്കിംഗ് (3), ഐ.ടി.ഐ അപ്പ്രന്റിസിൽ മെക്കാനിസ്റ്റ് (3), ഫിറ്റർ (4), ടർണർ (3), ഇലക്ട്രിഷൻ (3), വെൽഡർ (2), ഷീറ്റ് മെറ്റൽ വർക്കർ (2), സി.ഒ.പി.എ (8), ഗ്രാജുവേറ്റ് ജനറൽ അപ്രന്റിസിൽ ബി.കോം(10), ബി.എസ്.സി (10), ബി.എ (10) എന്നിവയിലാണ് ഒഴിവ്.
ഗ്രാജുവേറ്റ് അപ്രന്റിസ് (ബി.ഇ, ബി.ടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യത), ഐ.ടി.ഐ അപ്രന്റിസ് (വി.എച്ച്.എസ്.സി), ഡിപ്ലോമ അപ്രന്റിസ് (എൻജിനീയറിംഗ് ഡിപ്ലോമ), ഗ്രാജുവേറ്റ് അപ്രന്റിസ് ജനറൽ (കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച ബി.എ, ബി.എസ്.സി, ബി.കോം ബിരുദം) എന്നിവയാണ് യോഗ്യത.
ഓൺലൈനായി അപേക്ഷ അയക്കുമ്പോൾ 10, 12 ക്ലാസുകളിലെ മാർക്ക് ഷീറ്റ്, സർട്ടിഫിക്കറ്റ്, ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ എന്നിവയുടെ എല്ലാ സെമസ്റ്ററുകളുടെയും മാർക്ക് ഷീറ്റും സർട്ടിഫിക്കറ്റും, ജാതി, മെഡിക്കൽ, രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികൾ എന്നിവ അപ്‌ലോഡ് ചെയ്യണം. സർട്ടിഫിക്കറ്റ് വെരിഫിക്കേഷനെത്തുമ്പോൾ ഒറിജിനൽ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 7000 മുതൽ 9000 രൂപ വരെ പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും. പ്രായപരിധി 18- 27. ഒ.ബി.സിക്ക് 30, പട്ടിക വിഭാഗത്തിന് 32, അംഗപരിമിതർക്ക് 37 എന്നിങ്ങനെ ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ അയക്കുന്നതിനും വെബ്സൈറ്റ്: www.drdo.gov.in