railway
കൊല്ലം -പുനലൂർ റെയിൽവേ വൈദ്യുതീകരണ ജോലികൾ അലഹബാദ് ആസ്ഥാനമായുളള സെൻട്രൽ ഓർഗനൈസേഷൻ ഫോർ റെയിൽവേ ഇലക്ട്രിഫിക്കേഷൻസ് ജനറൽ മാനേജർ വൈ.പി.സിംഗിന്റെ നേത്യത്വത്തിൽ വിലയിരുത്തുന്നു

 ഉന്നത ഉദ്യോഗസ്ഥർ പുരോഗതി വിലയിരുത്തി

കൊല്ലം: കൊല്ലം - ചെങ്കോട്ട റെയിൽപാതയിൽ കൊല്ലം മുതൽ പുനലൂർ വരെയുള്ള വൈദ്യുതീകരണം ജോലികളുടെ പുരോഗതി ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി. അലഹബാദ് ആസ്ഥാനമായുളള സെൻട്രൽ ഓർഗനൈസേഷൻ ഫോർ റെയിൽവേ ഇലക്ട്രിഫിക്കേഷൻസ് (കോർ) ജനറൽ മാനേജർ വൈ.പി.സിംഗിന്റെ നേത്യത്വത്തിലായിരുന്നു പരിശോധന. ചീഫ് പ്രോജക്ട് ഡയറക്ടർ സമീർ ഡിഗേ, എക്സിക്യൂട്ടീവ് എൻജിനീയർ ഇലക്ട്രിഫിക്കേഷൻ എം. എസ്. രോഹൻ, സീനിയർ സെക്ഷൻ എൻജിനീയർ ആർ. രാധാക്യഷ്ണൻ, സീനിയർ ഡിവിഷണൽ എൻജിനീയർ ബിച്ചു രമേശ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. അലഹബാദിൽ നിന്ന് തിരുവനന്തപുരത്തെത്തിയ വൈ.പി.സിംഗ് സ്പെഷ്യൽ ഇൻസ്പെക്ഷൻ ട്രെയിനിലാണ് കൊല്ലത്തെത്തിയത്. റോഡ് മാർഗം ആവണീശ്വരത്തെത്തി പരിശോധനകൾ ആരംഭിക്കുകയായിരുന്നു. ഈ മേഖലയിൽ നടന്നു വരുന്ന വൈദ്യുതീകരണ ജോലികൾ പരിശോധിക്കുകയും സ്വിച്ചിംഗ് സ്റ്റേഷന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്തു. പുനലൂരിൽ നിർമ്മാണം പൂർത്തിയായി വരുന്ന 110 കെ. വി. സബ് സ്റ്റേഷന്റെ നിർമ്മാണവും സംഘം ചർച്ച ചെയ്തു. നിർമ്മാണത്തിന് ആവശ്യമായ സാമഗ്രികളിൽ കുറവുണ്ടോ എന്നതും ചോദിച്ചറിഞ്ഞു. 11.30ന് ആരംഭിച്ച പരിശോധന ഒരു മണിയോടെ അവസാനിച്ചു.

...................................................

ട്രെയിനുകൾ മധുരഡിവിഷൻ തീരുമാനിക്കും

മാർച്ച് 15ന് മുമ്പ് വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കണം

മാർച്ച് 15 മുതൽ 29വരെ പരിശോധനകൾ നടത്തണം

30ന് റെയിൽവേ സുരക്ഷാകമ്മിഷണറുടെ പരിശോധന

..................................................................

 പാതക്ക് 2017ൽ അനുമതി ലഭിച്ചു

 കഴിഞ്ഞ വർഷം ജോലികൾ ആരംഭിച്ചു

 കരാർ തുക 60 കോടി

 കൊല്ലം മുതൽ പുനലൂർ വരെ പോസ്റ്റുകൾ സ്ഥാപിച്ച് ലൈൻ വലിക്കുന്ന ജോലികൾ ഏതാണ്ട് പൂർത്തിയായി

 വൈദ്യുതീകരണത്തിനായി പുനലൂരിൽ 110 കെ.വി സബ്‌ സ്റ്റേഷൻ നിർമ്മാണം ആരംഭിച്ചു

 സബ് സ്റ്റേഷൻ പൂർത്തിയായില്ലെങ്കിൽ പെരിനാട് സബ് സ്റ്റേഷനിൽ നിന്നുളള വൈദ്യുതി ഉപയോഗിച്ച് ട്രെയിൻ ഓടിക്കും