suspended

കൊല്ലം: തമിഴ്നാട്ടിൽ സ്ഥിതി ചെയ്യുന്ന കുറ്റാലം കൊട്ടാരത്തിൽ നിന്ന് 143 കുപ്പി വിദേശ മദ്യം കണ്ടെത്തിയ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് കെയർ ടേക്കർക്ക് സസ്പെൻഷൻ. കൊട്ടാരത്തിന്റെ അധിക ചുമതല വഹിക്കുന്ന അച്ചൻകോവിൽ റസ്റ്റ് ഹൗസിലെ കെയർടേക്കർ ബി. ഗോപകുമാറിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് താത്കാലിക ജീവനക്കാരെ ജോലിയിൽ നിന്ന് പുറത്താക്കി.

കഴിഞ്ഞ 15ന് വൈകിട്ട് പുനലൂരിലെ പൊതുമരാമത്ത് വകുപ്പ് (കെട്ടിടം) അസി. എക്സിക്യുട്ടീവ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മദ്യശേഖരം പിടിച്ചെടുത്തത്. കൊട്ടാരത്തിനുള്ളിലെ 11കെട്ടിടങ്ങളിൽ ഒരെണ്ണം പ്രദേശവാസിക്ക് വാടകയ്ക്ക് നൽകിയിരുന്നു. ഇതിനുള്ളിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന വിദേശമദ്യമാണ് ഉദ്യോഗസ്ഥ സംഘം പിടികൂടിയത്. വാടകയ്ക്കെടുത്ത കെട്ടിടത്തിനുള്ളിൽ അനധികൃമായി വീട്ടുപകരണങ്ങൾ സൂക്ഷിക്കുന്നതായി സൂപ്രണ്ടിംഗ് എൻജിനിയർക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.