 
പുത്തൂർ: പുത്തൂർ പട്ടണത്തിലെ വൈദ്യുതി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഒരു ട്രാൻസ്‌ഫോമർ സ്ഥാപിച്ചിട്ട് രണ്ടു വർഷം പിന്നിടുന്നു. എന്നാൽ ട്രാൻസ്‌ഫോമർ സ്ഥാപിച്ചവർ ഇതിലേക്കുള്ള വൈദ്യുതി കണക്ഷൻ നൽകാൻ മറന്നു. തിരക്കേറിയ പട്ടണത്തിൽ നോക്കുകുത്തി പോലെ വച്ചിരിക്കുന്ന ട്രാൻസ്‌ഫോമർ തുരുമ്പെടുത്തു തുടങ്ങി.
നാട്ടുകാർ പ്രതിഷേധത്തിൽ
വോൾട്ടേജ് ക്ഷാമത്താൽ വലയുന്ന പട്ടണങ്ങളിലൊന്നാണ് പുത്തൂർ. അടിക്കടിയുള്ള വോൾട്ടേജ് വ്യതിയാനം വ്യാപാരികളെയാണ് ഏറെ വലയ്ക്കുന്നത്. പുത്തൂരിന് സമീപം കതിരവൻ കുന്നിൽ സബ് സ്‌റ്റേഷൻ ഉണ്ടെങ്കിലും പുത്തൂർ പട്ടണത്തിൽ വൈദ്യുതി വിതരണം കാര്യക്ഷമമല്ല. പരാതികളേറെ ഉയർന്നതോടെയാണ് പട്ടണത്തിൽ മുള്ളികാട്ട് ടവറിന് സമീപം ട്രാൻസ്‌ഫോമർ സ്ഥാപിച്ചത്. ലക്ഷങ്ങൾ ചെലവിട്ട് ട്രാൻസ്‌ഫോമർ സ്ഥാപിച്ചിട്ടും പ്രവർത്തന ക്ഷമമാക്കാത്തതെന്തെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥർക്ക് കൃത്യമായ ഉത്തരമില്ല. കെ.എസ്.ഇ.ബി.യും ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റും തമ്മിലുള്ള തർക്കമാണ് കാരണമെന്ന് ആരോപണമുണ്ട്. ഇൻസ്പക്ടറേറ്റിന്റെ അനുമതി ലഭിച്ചാലേ ട്രാൻസ്‌ഫോമർ പ്രവർത്തനക്ഷമമാക്കാൻ ക ഴിയൂ. ഇങ്ങനെയൊരു ട്രാൻസ്‌ഫോമർ പുത്തൂരിൽ ഇരിക്കുന്ന വിവരം പല ഉദ്യോഗസ്ഥർക്കും അറിയുകയുമില്ല. ഏതായാലും വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ സ്ഥാപിച്ച ട്രാൻസ്‌ഫോമർ പ്രവർത്തിപ്പിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.