പുനലൂർ: നഗരസഭയിലെ കല്ലാർ, നെല്ലിപ്പളളി വാർഡുകളിൽ കുടി വെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കുടവുമായി പുനലൂരിലെ വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിച്ചു. വാർഡ് കൗൺസിലർമാരായ ഷെമി എസ്.അസീസ്, നിർമ്മല സത്യൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള നാട്ടുകാരാണ് ഉപരോധിച്ചത്. നഗരസഭ പ്രതിപക്ഷ നേതാവ് ജി.ജയപ്രകാശ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നേതാക്കളായ കെ.സുകുമാരൻ, എബ്രഹാംമാത്യൂ,സി.വി.അഷോർ,ആന്റണി കോയിത്തറ,ഷെറിൻ മാത്യൂ തുടങ്ങിയവർ സംസാരിച്ചു. ശശികല, ശ്രീലേഖ,ജയശ്രീ,ഇന്ദു,രമ്യ,തങ്കച്ചൻ തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി. പുനലൂർ പൊലീസ് സ്ഥലത്തെത്തി സമരക്കാരും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാട്ടർ അതോറിട്ടിയുടെ ഉറപ്പ് ലഭിച്ചതിനെതുടർന്ന് ഉപരോധ സമരം അവസാനിപ്പിച്ചു.
കഴിഞ്ഞ രണ്ട് ആഴ്ചയായി കല്ലാർ,നെല്ലിപ്പളളി വാർഡുകളിൽ ശുദ്ധജല വിതരണം മുടങ്ങിയതോടെ വാർട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനുകളെ ആശ്രയിച്ചു കഴിയുന്ന നൂറ് കണക്കിന് താമസക്കാരാണ് കുടിവെള്ളമില്ലാതെ ദുരിതം അനുഭവിച്ചു വരുന്നത്.