കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരിയുടെ ബാഗിൽ നിന്ന് പണം അപഹരിച്ച നാടോടി യുവതികൾ പിടിയിൽ. തമിഴ്നാട് സ്വദേശികളായ മാലീശ്വരി(26), ദേവി(26) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പന്തളം സ്വദേശിനിയായ വീട്ടമ്മയുടെ ഷോൾഡർ ബാഗിൽ സൂക്ഷിച്ചിരുന്ന പണമാണ് ഇവർ അപഹരിച്ചത്. പന്തളത്തുനിന്ന് തെങ്കാശിയിലേക്ക് പോകാനായി കൊട്ടാരക്കര ബസ് സ്റ്റാൻഡിലെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടത് വീട്ടമ്മ അറിഞ്ഞത്. ബഹളം കൂട്ടിയതോടെ രക്ഷപെടാനൊരുങ്ങിയ നാടോടി യുവതികളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. എസ്.ഐമാരായ സുദർശന കുമാർ, ഹബീബ്, സി.പി.ഒ ശുഭ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.