phot
കൊല്ലം-തിരുമംഗലം ദേശിയ പാത കടന്ന് പോകുന്ന പുനലൂർ പട്ടണം

സാദ്ധ്യതാ പഠനത്തിന് 30.84ലക്ഷം രൂപ

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതക്ക് സമാന്തരമായി പുനലൂരിൽ ബൈപ്പാസ് വരുന്നു. ബൈപ്പാസ് നിർമ്മിക്കുന്നതിനാവശ്യമായ സാദ്ധ്യതാ പഠനം നടത്താൻ 30.84ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചെന്ന് പി.എസ്.സുപാൽ എം.എൽ.എ അറിയിച്ചു. ദേശീയ പാത കടന്ന് പോകുന്ന പുനലൂർ പട്ടണത്തിലെ രൂക്ഷമായ ഗതാഗത കുരുക്ക് ഒഴിവാക്കാനും അയൽ സംസ്ഥാനങ്ങളിൽ നിന്ന് ചരക്കുമായി എത്തുന്ന ലോറികളെ വഴി തിരിച്ച് വിടാനുമാണ് ബൈപ്പാസ് പണിയാൻ ലക്ഷ്യമിടുന്നത്.

കല്ലടയാറിന് മദ്ധ്യേ

ദേശീയ പാതയിലെ ഇളമ്പൽ പൈനാപ്പിൾ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് തൊളിക്കോട്ട് എത്തിയ ശേഷം കല്ലടയാറിന് മദ്ധ്യേ പുതിയ പാലം പണിയും. പിന്നീട് ഐക്കരക്കോണത്തിന് സമീപത്ത് കൂടി വട്ടപ്പടയിലൂടെ വീണ്ടും ദേശീയ പാതയിൽ എത്തുന്ന തരത്തിൽ ബൈപ്പാസ് പണിയാനുളള പ്രോജക്റ്റ് കഴിഞ്ഞ സെപ്തംബറിൽ തയ്യാറാക്കിയിരുന്നു. തുടർന്ന് എം.എൽ.എയുടെ ആവശ്യപ്രകാരം പുനലൂരിലെത്തിയ മന്ത്രി റിയാസ് മുഹമ്മദിന് പ്രോജക്ട് കൈമാറി. ഇത് കണക്കിലെടുത്താണ് സാദ്ധ്യാത പഠനത്തിനാവശ്യമായ തുക കഴിഞ്ഞ ദിവസം അനുവദിച്ചത്. സാദ്ധ്യത പഠനം, സർവേ, ഡി.പി.ആർ തയ്യാറാക്കൽ തുടങ്ങിയവക്കാണ് ഇപ്പോൾ പണം അനുവദിച്ചത്.

പൊതുമരാമത്ത് വകുപ്പിലെ ഡിസൈൻ വിഭാഗത്തിനാണ് ചുമതല. ബൈപ്പാസുമായി ബന്ധപ്പെട്ട സാദ്ധ്യത പഠനം ഉടൻ ആരംഭിക്കും. പുനലൂർ പട്ടണത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്താൻ ദേശിയ പാതക്ക് സമാന്തരമായി ഒരു ബൈപ്പാസ് പണിയണമെന്ന് നാട്ടുകാരുടെ കാൽ നൂറ്റാണ്ടത്തെ ആവശ്യമാണ് ഇതോടെ സാക്ഷാത്ക്കരിക്കപ്പെടുന്നത്.

പി.എസ്.സുപാൽ എം.എൽ.എ