കൊട്ടാരക്കര: വ്യാജമദ്യം കഴിച്ച യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു. കോട്ടാത്തല പൂഴിക്കാട് ലക്ഷംവീട് കോളനിയിൽ ഡി.ബാബുവിന്റെ ഇരുകണ്ണുകളുടെയും കാഴ്ചയാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. കോട്ടാത്തല പണയിൽ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ ബാബു സുഹൃത്തിനൊപ്പം മദ്യം കഴിച്ചപ്പോഴാണ് കാഴ്ച നഷ്ടപ്പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചശേഷം ബാബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എഴുകോൺ ബിവറേജസ് മദ്യവില്പന ശാലയിൽ നിന്ന് വാങ്ങിയ ഒ.പി.ആർ ബ്രാൻഡ് മദ്യമാണ് കുടിച്ചതെന്നാണ് ബാബു പറഞ്ഞത്. തുടർന്ന് ഇന്നലെ ബിവറേജസ് മദ്യവില്പനശാലയിൽ എക്സൈസും പൊലീസും പരിശോധന നടത്തി. കൊല്ലം എക്സൈസ് അസിസ്റ്റന്റ് കമ്മിഷണറിന്റെ നേതൃത്വത്തിൽ എത്തിയ സംഘം വിവിധ മദ്യങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു. ഇവ രാസ പരിശോധന നടത്തിയ ശേഷമേ നിജസ്ഥിതി വ്യക്തമാകുവെന്ന് കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ റോബർട്ട് പറഞ്ഞു. ആരോപണം വ്യാജമാണെന്ന് വിൽപ്പന ശാല മാനേജർ പറഞ്ഞു. പുത്തൂർ പൊലീസും എക്സൈസും അന്വേഷണം ആരംഭിച്ചു.
വാറ്റ് ചാരായവും കോടയുമായി പിടിയിൽ
കൊട്ടാരക്കര: കൊട്ടാരക്കര എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വാറ്റ് ചാരായവും മുന്നൂറ് ലിറ്റർ കോടയും പിടിച്ചെടുത്തു. കോട്ടാത്തല കുറവൻചിറ കോഴികുന്നത്ത് സ്മിതാഭവനിൽ ലാൽജിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നിന്നും വാറ്റ് ചാരായവും മുന്നൂറ് ലിറ്റർ കോടയും പിടിച്ചെടുത്തു. ലാൽജിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.