കൊല്ലം: 'ആരും സഹായിക്കാനില്ല, ഞങ്ങളെ എങ്ങനെയെങ്കിലും രക്ഷിക്കണം'. യുക്രെയിനിലെ വിന്നിഷ്യ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാർത്ഥിനി ആർദ്രയുടെ വാക്കുകളാണിത്. ബോംബ് സ്ഫോടനങ്ങളുടെ ശബ്ദം കേട്ട് നെഞ്ചിടിപ്പോടെയാണ് ആർദ്ര സഹായം അഭ്യർത്ഥിക്കുന്നത്.
പലരും നാട്ടിലെത്താനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. വിമാനത്താവളത്തിലേക്ക് തിരിച്ചപ്പോൾ അവിടെ ബോംബുകൾ തുടരെ പതിക്കുകയാണ്. നൂറുകണക്കിന് പേർ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. വീടുകളിലും ഹോസ്റ്റലുകളിലും നിൽക്കാൻ ഭയം. എംബസിയിൽ വിളിച്ചിട്ട് ആരും ഫോണെടുക്കുന്നില്ല. ആരോട് സഹായം അഭ്യർത്ഥിക്കണമെന്ന് അറിയില്ല. എന്തെങ്കിലും പാകം ചെയ്തു കഴിക്കാൻ സാധനങ്ങൾ വാങ്ങാൻ സൂപ്പർ മാർക്കറ്റിൽ പോയെങ്കിലും അവിടെങ്ങും ഒന്നും കിട്ടാനില്ല.
ഇന്നലെ രാവിലെയാണ് പലരും സ്ഥിതി കൂടുതൽ വഷളായെന്ന വിവരം അറിയുന്നത്. നേരത്തെ യുദ്ധസാദ്ധ്യത നിഴലിച്ചപ്പോൾ തന്നെ പലരും നാട്ടിലേക്ക് മടങ്ങാൻ വിമാന ടിക്കറ്റിന് ശ്രമിച്ചു. പക്ഷേ ഭൂരിഭാഗം പേർക്കും കിട്ടിയില്ല. ഇപ്പോൾ വിമാന കമ്പിനികൾ ടിക്കറ്റ് ചാർജ് കുത്തനെ ഉയർത്തി. റഷ്യയുടെ ബോംബുകൾ പതിക്കുന്ന യുക്രെയിനിലെ വളരെക്കുറച്ച് സ്ഥലങ്ങളിലെ വാർത്തകൾ മാത്രമേ ഇപ്പോഴും പുറത്തുവന്നിട്ടുള്ളുവെന്ന് ആർദ്രയും കൂട്ടുകാരും പറയുന്നു. വിന്നിഷ്യ നഗരം ഉഗ്ര സ്ഫോടനം കേട്ടാണ് ഇന്നലെ പുലർച്ചെ ഉണർന്നത്. രാത്രി വൈകും വരെയും കാത് തകർക്കുന്ന ശബ്ദങ്ങൾ തുടർന്നു. ഏറെ അകലെയല്ലാതെ എന്തൊക്കെയോ തകർന്നടിയുകയാണ്. പക്ഷെ വിന്നിഷ്യ നഗരത്തിലെ ഈ ഭീകരാവസ്ഥ ഇന്നലെ രാത്രി വൈകും വരെയും മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നില്ല.
എന്ത് ചെയ്യണമെന്നറിയാതെ ആയിരങ്ങൾ തെരുവുകളിൽ നിൽക്കുകയാണ്. സുരക്ഷാ സ്ഥാനങ്ങളിലേക്ക് പോകാൻ വാഹനങ്ങൾ പോലും കിട്ടാനില്ല. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ പറയുമ്പോഴും ചെറിയ ആശ്വാസവാക്ക് പോലും നെഞ്ച് പിടഞ്ഞിരിക്കുന്നവർക്ക് അവിടെ കിട്ടുന്നില്ല. 'ഞങ്ങളെ സഹായിക്കണം, എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണം'' നിലവിളിച്ചുകൊണ്ടുള്ള ഈ അഭ്യർത്ഥന കേട്ട് അയിരക്കണക്കിന് ഹൃദയങ്ങൾ ഇവിടെയും പിടയ്ക്കുകയാണ്.