 
കരുനാഗപ്പള്ളി : തൊഴിലുറപ്പിന്റെ കരുത്തിൽ ക്ലാപ്പനയിൽ രൂപം കൊണ്ടത് വൃത്തിയും വെടിപ്പുമുള്ള കുളം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലാപ്പന പഞ്ചായത്തിലെ ആറാം വാർഡിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ കുളം നിർമ്മിച്ചത്. ഇരുപതോളം തൊഴിലാളികളുടെ 21 ദിവസം നീണ്ടുനിന്ന അധ്വാനത്തിന്റെ ഫലമായാണ് കുളം യാഥാർത്ഥ്യമായത്. ആശാഭവനത്തിൽ ആനന്ദൻ പിള്ളയുടെ ഭൂമിയിലാണ് 1, 82,000 രൂപ ചെലവിൽ 12 മീറ്റർ നീളവും 9 മീറ്റർ വീതിയും 4.5 മീറ്റർ താഴ്ചയുമുള്ള കുളം നിർമ്മിച്ചത്. മനോഹരമായ കുളത്തിന്റെ പാർശ്വ ഭിത്തികൾ കയർ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിച്ചിട്ടുമുണ്ട്. കുളത്തിന്റെ ഉദ്ഘാടനം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ നിർവഹിച്ചു. ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗം ഷീജ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താനുവേലിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവ് ഓണംപള്ളി, പഞ്ചായത്ത് അംഗങ്ങളായ പി .ബിന്ദു, അംബുജാക്ഷി, ബിപിൻ, സിന്ധു, പ്രസന്ന, ബി.ഡി.ഒ സക്കീർ ഹുസൈൻ, പഞ്ചായത്ത് സെക്രട്ടറി താര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജലസംരക്ഷണവും കാർഷിക വികസനവും ലക്ഷ്യമിട്ടാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുളത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.