
# വാഗ്ദാനങ്ങൾ പലവഴിക്ക് പറക്കുന്നു
കൊല്ലം: പുതിയ ഫയർഫോഴ്സ് സ്റ്റേഷനുകളുടെ പട്ടികയിൽ ജില്ല അവഗണിക്കപ്പെട്ടിട്ടും നിയമസഭയിൽ ഇതേപ്പറ്റി ഒരു വാക്കുപോലും ഉരിയാടാതെ ജില്ലയിൽ നിന്നുള്ള സാമാജികർ. അഗ്നിശമന സേനയുമായി ബന്ധപ്പെട്ടുള്ള ചോദ്യോത്തരവേളയിൽ സംസ്ഥാനത്തെ 13 എം.എൽ.എമാർ നിരവധി ചോദ്യങ്ങൾ ഉന്നയിക്കുകയും മറുപടി വാങ്ങുകയും ചെയ്തു. എന്നാൽ ജില്ലയിലെ കിഴക്കൻ മേഖലയിലെ ദുരിതപൂർണമായ രക്ഷാപ്രവർത്തനത്തിനെ കുറിച്ചോ ഫയർഫോഴ്സിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചോ ഇവിടെ നിന്ന് ആരും ഒന്നും മിണ്ടിയില്ല!
രണ്ടു മന്ത്രിമാരടക്കം 11 നിയമസഭാംഗങ്ങളുണ്ടായിട്ടും പുതിയ ഫയർഫോഴ്സ് സ്റ്റേഷനുകൾ വേണമെന്ന ആവശ്യത്തോട് ചേർന്നുനിന്നില്ല. കുളത്തൂപ്പുഴയിൽ പരിശീലനകേന്ദ്രവും ഓയൂരിൽ നിലയവും സ്ഥാപിക്കുമെന്ന വാഗ്ദാനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഓയൂരിൽ സ്ഥലമേറ്റെടുത്ത് പത്തുവർഷം പിന്നിട്ടിട്ടും നിലയം സ്ഥാപിക്കുന്നതിന്റെ നടപടിക്രമങ്ങൾ ഇപ്പോഴും ഫയലിൽ മയക്കത്തിലാണ്.
# എല്ലാമറിയാവുന്നവർ ഏറെ
റീജിയണൽ ഫയർ ഓഫീസർമാരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരിൽ ഭൂരിഭാഗം പേരും ജില്ലയിൽ നിന്നുള്ളവരാണ്. പുനലൂർ, ആര്യങ്കാവ്, തെന്മല ഉൾപ്പെടെയുള്ള കിഴക്കൻ മേഖലയിലെ രക്ഷാപ്രവർത്തനത്തിന്റെ ബുദ്ധിമുട്ടും സേനയുടെ വാഹനം ഓടിയെത്താനുള്ള കാലതാമസവുമെല്ലാം ഇവർക്ക് നേരിട്ടറിയാം. എങ്കിലും പുതിയ നിലയം സ്ഥാപിക്കാൻ ഇവരും മുൻകൈയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. .
# ജില്ലയിലെ നിലയങ്ങൾ
കൊല്ലം (കടപ്പാക്കട), ചാമക്കട, പരവൂർ, ചവറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കുണ്ടറ, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, കടയ്ക്കൽ
# ദുരിതമുഖത്ത് അടിപതറി
അഞ്ചൽ, കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ്, അച്ചൻകോവിൽ എന്നിവിടങ്ങളിലേക്ക് ഓടിയെത്താൻ പുനലൂരിലെ ഫയർഫോഴ്സ് സംഘം മാത്രം
നവംബറിൽ പ്രളയസമാനമായ വെള്ളക്കെട്ട് ഉണ്ടായപ്പോൾ റബർ ഡിങ്കി ബോട്ടുകൾ ഇല്ലാത്തതിനാൽ പുനലൂരിലെ സേനയ്ക്ക് കാഴ്ചക്കാരാകേണ്ടിവന്നു
കുണ്ടറ, കടയ്ക്കൽ, കൊല്ലം നിലയങ്ങളിൽ മാത്രമാണ് റബർ ഡിങ്കിയുള്ളത്
ഓയൂരിൽ ഫയർഫോഴ്സ് സ്റ്റേഷൻ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത് 2011ൽ
ദുരന്തങ്ങളുണ്ടാവുമ്പോൾ സേനയെത്തേണ്ടത് ജില്ലാ ആസ്ഥാനത്തു നിന്ന്
കടപ്പാക്കടയിൽ നിന്ന് കിഴക്കൻ മേഖലയിലേക്ക് വാഹനം ഓടിയെത്താൻ വേണ്ടത് ഒരുമണിക്കൂറോളം
......................................
ജില്ലയിലെ നിയമസഭാംഗങ്ങൾ: 11
മന്ത്രിമാർ: 2