water

കൊല്ലം: വേനൽ രൂക്ഷമായാൽ ഓരുവെള്ളം കുടിച്ച് ദാഹമകറ്റാൻ വിധിക്കപ്പെട്ടവരാണ് കിഴക്കേ കല്ലടക്കാർ. ഈ ദുരിതം കണ്ടാണ് പ‌ഞ്ചായത്ത് ഭരണസമിതി വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിച്ചത്.

പക്ഷേ, പരിഹാരമായില്ല. കുണ്ടറ ജല പദ്ധതിയിൽ നിന്നുള്ള വെള്ളം അടുത്ത ദിവസം ഉച്ചവരെ കിട്ടി. പിന്നീട് രണ്ടും മൂന്നും മണിക്കൂറായി കുറഞ്ഞു. ഇപ്പോൾ ആഴ്ചയിൽ രണ്ടു ദിവസമായി, അതും ദിവസം രണ്ടു മണിക്കൂർ മാത്രം.

കിഴക്കേ കല്ലട പഞ്ചായത്തിലെ 15 വാർഡുകളിലും കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടത്തിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ ഓരുവെള്ളമാണ് പ്രധാന തലവേദന. കോയിക്കൽമുറി, പഴയാറ്റുമുറി, മറവൂർ, ഉപ്പൂട്, നിലമേൽ, ടൗൺ, താഴം തുടങ്ങിയ 7 വാർഡുകൾ ഓരുവെള്ളത്തിന്റെ രൂക്ഷതയിലാണ്.

കല്ലടയാറിനോട് ചേർന്നുള്ള താഴം, മൂഴി പ്രദേശങ്ങളിൽ വേലിയേറ്റത്തിൽ ഉപ്പുവെള്ളം കയറുന്നത് കുടിവെള്ള ക്ഷാമത്തിന്റെ രൂക്ഷത വർദ്ധിപ്പിക്കുന്നു. കല്ലടയാറിന്റെ മറുകരയിലുള്ള പടിഞ്ഞാറേ കല്ലടയിൽ നിന്ന് വെള്ളം പാത്രങ്ങളിൽ ശേഖരിച്ച് വള്ളത്തിൽ കൊണ്ടുവന്ന് ഉപയോഗിക്കേണ്ട സ്ഥിതിയാണിപ്പോൾ.

ടാങ്കറിൽ വെള്ളം ശേഖരിച്ച് വില്പന നടത്തുന്ന സംഘങ്ങളും സജീവമായിട്ടുണ്ട്. ഒരു ടാങ്ക് വെള്ളത്തിന് 400 രൂപ വരെ ഇവർ ഈടാക്കുന്നു. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ ചിറ്റുമല, ഓണംപാരം, തെക്കേമുറി, കൊച്ചുപ്ളാംമൂട്, മുട്ടം, പരിച്ചേരി, തിങ്കാരപ്പള്ളി, കൊടുവിള തുടങ്ങിയ വാർഡുകളിലെ ഒട്ടുമിക്ക കിണറുകളുടെയും ജലനിരപ്പ് താഴ്ന്ന അവസ്ഥയിലാണ്.

ജലസംഭരണി നോക്കുകുത്തി

കുടിവെള്ളക്ഷാമത്തിന് പരിഹാരമായി ആരംഭിച്ച കിഴക്കേ കല്ലട- മൺറോത്തുരുത്ത് ജലസേചന പദ്ധതിയും പ്രയോജനപ്പെടുന്നില്ല. രണ്ടായിരത്തിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് സംഭരണി നിർമ്മിച്ചത്. കുഴൽ കിണറിൽ നിന്നുള്ള വെള്ളം പമ്പ് ചെയ്ത് ജലസംഭരണിയിൽ ശേഖരിച്ച് കിഴക്കേ കല്ലടയിൽ എത്തിക്കാനായിരുന്നു പദ്ധതി. വെള്ളത്തിൽ ഉപ്പുരസം കണ്ടതിനാൽ പദ്ധതി മുന്നോട്ടു പോയില്ല.

""

മൺറോത്തുരുത്ത് പഞ്ചായത്ത് അതിർത്തിയായ കൊടുവിള മുതിരപ്പറമ്പ് മൂഴിയിൽ നിർമ്മിച്ച ജലസംഭരണി നോക്കുകുത്തിയായി. വെള്ളം ഉപയുക്തമല്ല.

ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ടുമെന്റ് അധികൃതർ