
# നിരീക്ഷണം ശക്തമാക്കി
കൊല്ലം: ഭീഷണിപ്പെടുത്തി 'ഭിക്ഷ' വാങ്ങുന്ന യാചകർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസ് നിരീക്ഷണം ശക്തമാക്കി. രാത്രി വൈകി ജോലികഴിഞ്ഞെത്തുന്ന സ്ത്രീകളിൽ നിന്നുൾപ്പെടെ പണം ചോദിച്ചുവാങ്ങുന്ന യാചകരെ കണ്ടെത്താൻ 'പിങ്ക് ഷാഡോ'യും ഇനി ബസ് സ്റ്റാൻഡുകളിലും പൊതു ഇടങ്ങളിലുമുണ്ടാകും. 'യാചനയല്ല, ഭീഷണിയാണ്" എന്ന തലക്കെട്ടിൽ കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത നൽകിയതിനെ തുടർന്നാണ് പൊലീസ് നടപടി.
ഭിക്ഷചോദിക്കുന്നതിന് പകരം ആവശ്യങ്ങൾ നിരത്തുകയും പണം നൽകാത്ത സ്ത്രീകളെയും യാത്രക്കാരെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതായി വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാ ദിവസവും യഥാസമയം സന്നദ്ധ പ്രവർത്തകർ എത്തിക്കുന്ന ഭക്ഷണം കഴിച്ച് ഇറങ്ങുന്ന യാചകർ മദ്യപാനത്തിനും ലഹരി ഉപയോഗത്തിനും പണം കണ്ടെത്താനാണ് ഭിക്ഷയെടുക്കുന്നത്.
# കിടന്നുരുളും, സ്വയം പരിക്കേൽപ്പിക്കും
ഭിക്ഷാടനം തടയാനെത്തുന്ന പൊലീസുകാരെ അതി വിദഗ്ദ്ധമായി പറ്റിക്കുന്ന യാചകരുണ്ട്. ഭീഷണിപ്പെടുത്തലോ മറ്റോ ഉണ്ടാവുമ്പോൾ പോയിന്റ് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ സാധാരണ നിലയിൽ ഇടപെടാറുണ്ട്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ സമീപത്തേക്കെത്തുമ്പോൾ ഇവർ നിലത്തുകിടന്ന് ഉരുളുകയും സ്വയം മുറിവേൽപ്പിക്കുകയും ചെയ്യാറുണ്ട്. ഇതോടെ, പൊലീസ് ഉദ്യോഗസ്ഥൻ അവരെ ഉപദ്രവിച്ചതായി സംശയിക്കാൻ സാദ്ധ്യതയേറെയാണ്. പൊലീസിനെ കുറ്റക്കാരാക്കാനുള്ള നിരവധി ശ്രമങ്ങൾ ഇതിനകം യാചകർ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവരെ നിയന്ത്രിക്കുന്നത് പൊലീസിനെ സംബന്ധിച്ചിടത്തോളം ശ്രമകരമാണ്.