xp
ഉക്രൈനിൽ കുടുങ്ങിപ്പോയ മലയാളി വിദ്യാർത്ഥിനി കുറുങ്ങപ്പള്ളി ബംഗ്ലാവിൽ ദീനു സൈമണിൻ്റെ വീട്ടിലെത്തിയ സി.ആർ മഹേഷ് എം.എൽ.എ രക്ഷിതാക്കളെ ആശ്വാസിപ്പിക്കുന്നു.

തഴവ: ഉക്രൈനിൽ യുദ്ധം രൂക്ഷമായതോടെ നിരവധി മലയാളി വിദ്യാർത്ഥികളുടെ രക്ഷിതാക്കളാണ് ആശങ്കയിലായത്. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ അഞ്ചോളം വിദ്യാർത്ഥികളാണ് ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ ദിവസം കുലശേഖരപുരം, കുറുങ്ങപ്പള്ളി ബംഗ്ലാവിൽ സൈമൺ എലിസബത്ത് ദമ്പതികളുടെ വീട്ടിലെത്തിയ സി.ആർ.മഹേഷ് എം.എൽ.എ ഉക്രൈനിലുള്ള ഇവരുടെ മകൾ ദീനു സൈമണോടും ഒപ്പമുള്ള മറ്റ് മലയാളി വിദ്യാർത്ഥികളോടും ഫോണിൽ സംസാരിച്ചു. അവർ ഇപ്പോൾ സുരക്ഷിതരാണെന്നും എത്രയും വേഗം നാട്ടിൽ എത്തിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുമെന്നും എം.എൽ.എ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഉറപ്പുനൽകി. മുഖ്യമന്ത്രിക്കും വിദേശ കാര്യ മന്ത്രിക്കും എം.എൽ.എ ഇ - മെയിൽ വഴി സന്ദേശം അയച്ചു. വി .എൻ കരസിൻ ഖർഖിവ് നാഷണൽ യൂണിവേഴ്സിറ്റിയിലെ അഞ്ചാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ് ദീനു സൈമൺ. ആകാശ്, അനഘ എന്നീ വിദ്യാർത്ഥികൾക്കൊപ്പം മലയാളികൾ ഉൾപ്പെടുന്ന ഒരു ഫ്ലാറ്റിൽ ഖർഖിവ് നാഷണൽ എയർപോർട്ടിന് സമീപമാണ് ഇപ്പോൾ ഇവരുള്ളത്. കഴിഞ്ഞദിവസം ഉഗ്രസ്ഫോടന ശബ്ദം കേട്ടാണ് ഉണർന്നതെന്നും എന്നാൽ ഇന്ന് സ്ഥിതിഗതികൾക്ക് മാറ്റമുണ്ടെന്നും സ്ഥലത്ത് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുയാണെന്നും കുട്ടികൾ എം.എൽ.എയെ അറിയിച്ചു. നിലവിൽ വൈദ്യുതിയും ഇന്റർനെറ്റും കിട്ടുന്നുണ്ട്.രണ്ടു മൂന്നു ദിവസത്തേക്ക് കൂടിയുള്ള ആഹാരം കൈവശമുണ്ടെന്നും ഇവർ എം.എൽ.എ യോട് പറഞ്ഞു. ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്ന നിയോജകമണ്ഡലത്തിലെ മറ്റ് വിദ്യാർത്ഥികളോ മലയാളികളോ ഉണ്ടെങ്കിൽ എം.എൽ.എയുടെ ഓഫീസുമായി 04762910700,7510767778 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് എം.എൽ.എ അറിയിച്ചു.