കരുനാഗപ്പള്ളി : അമിത വേഗത ചോദ്യം ചെയ്ത യുവാവിനെ വീട്ട് മുറ്റത്ത് കയറി കമ്പിവടിക്ക് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ സംഘത്തെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. വള്ളികുന്നം, കൈപ്പള്ളിഭാഗത്ത് കാടുവിനാൽ, പേരക്കത്തറയിൽ സുജിത്ത് ( 22 ), സഹോദരൻ അജിത്ത് ( 20 ), വള്ളികുന്നം, കടുവിനാൽ, അമ്പിളി ഭവനിൽ അശ്വനികുമാർ ( 25 ), പാവുമ്പാ വടക്ക് മുറിയിൽ പ്രസന്ന ഭവനിൽ അരുൺ ( 26 ) എന്നിവരാണ് പൊലീസ് പിടിയിലായത്. പാവുമ്പ, ശരത് ഭവനിൽ ശരത്തിന്റെ വീടിന് മുന്നിലൂടെ അമിത വേഗതയിൽ ബൈക്കിൽ പോയ സംഘത്തിന്റെ വേഗതയെ ശരത്ത് ചോദ്യം ചെയ്തിരുന്നു . ഇതിനെ തുടർന്ന് 22 ന് രാത്രി 11.45മണിയോടെ സംഘം ശരത്തിന്റെ വീട്ട് മുറ്റത്ത് വന്ന് കമ്പി വടികൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച ശരത്തിന്റെ അമ്മയെയും ബന്ധുവിനെയും ആക്രമിക്കുകയും വീട് അടിച്ച് തകർക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ വള്ളികുന്നത്ത് നിന്ന് പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി . ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ് .ഐ മാരായ അലോഷ്യസ് അലക്സാണ്ടർ, കലാധരൻ എ .എസ് .ഐ മാരായ ഷാജിമോൻ , നന്ദകുമാർ , എസ് .സി. പി .ഒ സാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.