ukrain
യുക്രൈയിനിൽ നിന്നെത്തിയ അയന മാതാപിതാക്കളായ അനിൽകുമാറിനും ശോഭയ്ക്കുമൊപ്പം

കൊല്ലം: റഷ്യ - യുക്രെയിൻ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ സഹപാഠികളെ കുറിച്ചുള്ള ആശങ്കയിലാണ് കൊല്ലം സ്വദേശികളായ അയനാ അനിലും സൂര്യനന്ദനും. മുണ്ടക്കൽ ശ്രീഹരി ലക്ഷ്മിയിൽ അനിൽ - ശോഭ ദമ്പതികളുടെ മകൾ അയനാ അനിലും, ഓച്ചിറ പായിക്കുഴി നന്ദനത്തിൽ ശ്രീനാഥിന്റെ മകൻ സൂര്യനന്ദനും ആക്രമണത്തിന് തൊട്ടു മുൻപാണ് രക്ഷപെട്ട് നാട്ടിലെത്തിയത്.

യുക്രെയിൻ ലിവിവ് നാഷണൽ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥികളാണ് ഇരുവരും. 2500 വിദ്യാർത്ഥികളുള്ള കോളേജിലെ 60 ശതമാനം പേരും ഇന്ത്യക്കാരാണ്. ഇതിൽ ഇരുനൂറോളം കുട്ടികൾ മലയാളികളാണ്. അയനയും സൂര്യനന്ദയും നിരന്തരം കൂട്ടുകാരുമായി ഫോണിൽ ബന്ധപ്പെടുന്നുണ്ട്. കൂട്ടുകാർ എല്ലാവരും ഹോസ്റ്റലിൽ തന്നെയായിരുന്നു. സൂപ്പർ മാർക്കറ്റുകളും നിത്യോപയോഗ സാധനങ്ങളുടെ വിപണന കേന്ദ്രങ്ങളും അടഞ്ഞതോടെ ഭക്ഷണത്തിന് ക്ഷാമം നേരിട്ടു തുടങ്ങിയതായി സുഹ്യത്തുക്കൾ അറിയിച്ചു. കോളേജിൽ ബങ്കറുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഹോസ്റ്റലിൽ കഴിഞ്ഞിരുന്നവർ ഇന്നലെ പോളണ്ടിലേക്ക് പോയി. അവിടെ 14 ദിവസം കഴിയാനാവും. പോളണ്ടിൽ നിന്ന് ഫ്ളൈറ്റ് കിട്ടുന്ന മുറക്ക് നാട്ടിലേക്ക് പോരാം. യുദ്ധമേഖലയിൽ നിന്ന് ദൂരെ മാറി പോളണ്ടിനോടു ചേർന്നുളള പ്രദേശത്താണ് ഇവർ പഠിച്ചിരുന്ന യൂണിവേഴ്സിറ്റി. പോളണ്ടുമായി 60 കിലോമീറ്റർ ദൂരമേയുളളു.

യുക്രെയിനിൽ വെടിയൊച്ച ഉയരുന്നതിന് തൊട്ടു മുൻപ് കീവിൽ നിന്ന് പുറപ്പെട്ട ഖത്തർ എയർവേസിലാണ് അയന നാട്ടിലേക്ക് പുറപ്പെട്ടത്. പിതാവ് നാട്ടിൽ നിന്ന് അയച്ചു കൊടുത്ത ടിക്കറ്റ് ഉപയോഗിച്ച് ദോഹ, ഡൽഹി വഴി ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തുകയായിരുന്നു. വീട്ടുകാരുടെ നിബന്ധത്തെ തുടർന്നാണ് അഞ്ച് കൂട്ടുകാരോടൊപ്പം സൂര്യനന്ദൻ നാട്ടിലെത്തിത്. യുദ്ധത്തിന് സാദ്ധ്യത കുറവാണെന്ന വിശ്വാസത്തിലാണ് നാട്ടിലേക്ക് പോരാൻ പലരും താത്പര്യം കാട്ടാതിരുന്നത്. മലയാളികളായ ഇരുനൂറോളം കുട്ടികൾ ഫ്ളൈറ്റ് ടിക്കറ്റ് എടുത്തെങ്കിലും യുദ്ധം ആരംഭിച്ചതോടെ അവിടെ കുടുങ്ങിപ്പോയതായി സൂര്യനന്ദൻ പറഞ്ഞു.