
കൊവിഡ് ചികിത്സാ കേന്ദ്രം നീണ്ടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
കൊല്ലം: ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലെ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. രോഗികളുടെ പ്രവേശനം കുത്തനെ ഇടിഞ്ഞിട്ടും ഹോക്കി പരിശീലനത്തിന് വിഘാതം സൃഷ്ടിച്ച് ആരോഗ്യ വകുപ്പ് കൊവിഡ് ചകിത്സാകേന്ദ്രമായി നിലനിർത്തുന്നത് ചൂണ്ടിക്കാട്ടി 'കേരളകൗമുദി' തുടർച്ചയായി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പരിശീലനം നടത്താകാനാതെ പുറത്ത് നിൽക്കുന്ന താരങ്ങൾക്ക് പിന്തുണയുമായി ഇന്ത്യൻ ഹോക്കി ടീം നായകൻ പി.ആർ.ശ്രീജേഷും രംഗത്തെത്തി. ഇതോടെയാണ് ഇന്നലെ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഹോക്കി സ്റ്റേഡിയം സന്ദർശിച്ച് ചികിത്സാ കേന്ദ്രം നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
ഇന്നലെ ഉച്ചയോടെ ഇവിടെയുണ്ടായിരുന്ന നാല് രോഗികളെ നീണ്ടകര ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉപകരണങ്ങൾ കൊണ്ടുപോകും. നടപടി ക്രമങ്ങൾ പൂർത്തിയാക്കി രണ്ട് ദിവസത്തിനുള്ളിൽ സ്റ്റേഡിയം കായികവകുപ്പിന് കൈമാറും. 2020 ജൂലൈയിലാണ് ഹോക്കി സ്റ്റേഡിയത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ സി.എഫ്.എൽ.ടി.സി ആരംഭിച്ചത്. രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാവുന്നവരുടെ എണ്ണം ഉയർന്നതോടെ സെക്കൻഡറി ട്രീറ്റ്മെന്റ് സെന്ററാക്കി ഉയർത്തി. ഇതിനോടകം ആയിരക്കണക്കിന് പേരെ ഇവിടെ കിടത്തി ചികിത്സിച്ചു. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി കാര്യമായി രോഗികളെ ഇവിടെ പ്രവേശിപ്പിച്ചിരുന്നില്ല. ഒമിക്രോൺ വ്യാപനം രൂക്ഷമായപ്പോഴും ഗുരുതര രോഗികളുടെ എണ്ണം ഉയരാഞ്ഞതിനാൽ ഇവിടെ രോഗികൾ കുറവായിരുന്നു. കഴിഞ്ഞ ഒരുമാസമായി 15ൽ താഴെ രോഗികൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ ആരോഗ്യ വകുപ്പ് കണക്ക് പെരുപ്പിച്ച് കാണിച്ച് കൊവിഡ് സെന്റർ നിലനിർത്തുകയായിരുന്നു.
കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയതോടെ ഇവിടെ പ്രവർത്തിച്ചിരുന്ന സ്പോർട്സ് അക്കാഡമിയിലെ താരങ്ങൾക്ക് താമസ സൗകര്യം നഷ്ടമായി. ഇവർ വാടകവീട്ടിലും സ്റ്റേഡിയത്തിലെ തന്നെ പ്രീ ഫാബിലും ലാൽ ബഹദൂർ സ്റ്റേഡിയത്തിന് സമീപത്തെ സ്പോർട്സ് ഹോസ്റ്റലിലുമായി ഏറെ ബുദ്ധിമുട്ടിയാണ് കഴിഞ്ഞിരുന്നത്. സംസ്ഥാന, ദേശീയ ചാമ്പ്യൻഷിപ്പുകൾ നടക്കാനാരിക്കെ ജില്ലയിലെ സ്കൂളുകളിലെയും കോളേജുകളിലും താരങ്ങൾക്ക് പരിശീലനം നടത്താനും അനുമതി ഉണ്ടായിരുന്നില്ല. കൊവിഡ് സെന്റർ മാറ്രിയതോടെ വരും ദിവസങ്ങളിൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും.