photo
കോടതി സമുച്ചയത്തിനായി നഗരസഭ വിട്ട് നൽകാൻ തീരുമാനിച്ച സ്ഥലം ജില്ലാ ജഡ്ജി എം.ബി. സ്നേഹലത സന്ദർഷിക്കുന്നു.

കരുനാഗപ്പള്ളി : ടൗണിൽ കോടതി സമുച്ചയം നിർമ്മിക്കാൻ നഗരസഭ വിട്ടുനൽകുന്ന സ്ഥലം ജില്ലാ ജഡ്ജി എം.ബി.സ്നേഹലത സന്ദർശിച്ചു. മുനിസിപ്പൽ ബസ് സ്റ്റാൻഡിനായി നഗരസഭ വാങ്ങിയ മാർക്കറ്റിന് സമീപത്തെ സ്ഥലമാണ് കോടതി സമുച്ചയത്തിനായി വിട്ടു നൽകാൻ തീരുമാനിച്ചത്. സ്ഥലം സന്ദർശിച്ചതിന്റെ റിപ്പോർട്ട് ഉടനെ തന്നെ ഹൈക്കോടതിക്ക് നൽകുമെന്ന് ജില്ലാ ജഡ്ജി പറഞ്ഞു. സ്ഥലം കൈമാറുന്നതിനുള്ള നഗരസഭാ കൗൺസിലിന്റെ തീരുമാനം ജില്ലാ ജഡ്ജിയ്ക്കും ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിക്കും നഗരസഭാ അധികൃതർ നൽകിയിരുന്നു. തുടർന്നാണ് ഹൈക്കോടതി ജഡ്ജിയുടെ നിർദേശപ്രകാരമാണ് ജില്ലാ ജഡ്ജി സ്ഥലം സന്ദർശിച്ചത്. സ്ഥലം വിട്ടുനൽകാനുള്ള നഗരസഭയുടെ തീരുമാനത്തിന് സർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് സ്ഥലം ഔദ്യോഗികമായി കൈമാറും. പത്തുവർഷം മുൻപാണ് കരുനാഗപ്പള്ളി മാർക്കറ്റിന് സമീപം പ്രൈവറ്റ് ബസ് സ്റ്റാൻഡിനായി നഗരസഭ സ്ഥലം വാങ്ങിയത്. സി. ആർ. മഹേഷ് എം .എൽ .എ, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്സൺ സുനിമോൾ , സ്ഥിരം സമിതി അദ്ധ്യക്ഷരായ പടിപ്പുര ലത്തീഫ്, എൽ .ശ്രീലത, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. അബ്ദുൽ നിസാർ, സെക്രട്ടറി അഡ്വ.എൻ .കെ. ബാലസുബ്രഹ്മണ്യം, കൗൺസിലർ റജി ഫോട്ടോപാർക്ക് തുടങ്ങിയവർ പങ്കെടുത്തു.