കൊല്ലം: പീരങ്കി മൈതാനത്ത് കളക്ടറേറ്റ് അനക്സ് നിർമ്മിക്കാനുള്ള തീരുമാനത്തിൽനിന്നു പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് റവന്യു മന്ത്രി കെ. രാജന് കത്തെഴുതിയതായി എം. നൗഷാദ് എം.എൽ.എ അറിയിച്ചു.
ചരിത്രത്തിൽ പീരങ്കിമൈതാനം എന്നറിയപ്പെടുന്ന കന്റോൺമെന്റ് ഗ്രൗണ്ട് ഒരുകാലത്ത് തിരുവിതാംകൂറിലെ ബ്രിട്ടീഷുകാരുടെ സൈനികത്താവളമായിരുന്നു. 180 ഏക്കറിലധികം വിസ്തൃതിയുണ്ടായിരുന്ന മൈതാനത്തിന്റെ നല്ലൊരുപങ്ക് രാജഭരണ കാലത്തുതന്നെ പൊലീസ്, റെയിൽവേ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾക്കും പൊതുതാല്പര്യാർത്ഥം വിവിധ സാമൂഹ്യ, സാംസ്‌കാരിക സംഘടനകൾക്കും വിട്ടുനൽകിയിരുന്നു. സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം സംസ്ഥാന രൂപീകരണത്തിനു മുമ്പും പിമ്പും വിവിധ ഘട്ടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വാട്ടർഅതോറിട്ടി സമുച്ചയം, ടൗൺ ഹാൾ തുടങ്ങിയ അനിവാര്യമായ വികസനപ്രവർത്തനങ്ങൾക്കും മൈതാനത്തുനിന്നു സ്ഥലംനൽകിയിട്ടുണ്ട്.
1979 ൽ റീസർവേ പൂർത്തിയായപ്പോൾ മൈതാനം 22 ഏക്കറായി ചുരുങ്ങി. പിന്നീട് എട്ട് ഏക്കർ ലാൽബഹദൂർ സ്റ്റേഡിയത്തിന് നൽകി. 1987ൽ മൈതാനത്തിന്റെ സംരക്ഷണാവകാശം നഗരസഭയ്ക്ക് വിട്ടുനൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവിൽ മൈതാനത്തിന്റെ വിസ്തൃതി 14.16 ഏക്കർ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിൽനിന്നാണ് സ്‌പോർട്‌സ് ഹോസ്റ്റൽ, ക്യു.എ.സി, സ്‌പോർട്‌സ് കൗൺസിലിന്റെ വിവിധ കളിക്കളങ്ങൾ, ഇൻഡോർ സ്റ്റേഡിയം, സ്വിമ്മിംഗ്പൂൾ എന്നിവയ്ക്ക് വീതിച്ചുനൽകിയത്. ഇപ്പോൾ മൂന്നോ നാലോ ഏക്കർ മാത്രമാണ് തുറസായി അവശേഷിക്കുന്നത്. ഇവിടം കളക്ടറേറ്റ് അനക്സിനുകൂടി വിട്ടുകൊടുത്താൽ പൊതുപരിപാടികളും കായികമത്സരങ്ങളും വാണിജ്യകാർഷിക മേളകളും ഓണം, ക്രിസ്മസ്, പെരുനാൾ ഫെയറുകളും സംഘടിപ്പിക്കാൻ സ്ഥലമില്ലാതാകുമെന്നും മന്ത്രിക്കെഴുതിയ കത്തിൽഎം.എൽ.എ ചൂണ്ടിക്കാട്ടി.
എൽ.ഡി.എഫ് യോഗം ഇന്ന്
പീരങ്കി മൈതാനത്ത് കളക്ടറേറ്റ് അനക്സ് നിർമ്മാണവുമായി ബന്ധപ്പെട്ട് സർക്കാരിനെ അറിയിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ ജില്ല എൽ.ഡി.എഫ് യോഗം ഇന്ന് രാവിലെ 10ന് സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ ചേരും. മുന്നണിയിലെ ഒട്ടുമിക്ക കക്ഷികളും അനക്സ് നിർമ്മാണത്തിന് എതിരായി നിലപാട് എടുത്തിരുന്നു. ഇന്ന് ഉച്ചയ്ക്ക് ചേരുന്ന നഗരസഭ കൗൺസിൽ യോഗത്തിൽ അനക്സ് നിർമ്മാണം ഉപേക്ഷിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കും.