k-rail
കെ. റെയിലിന്റെ സാമൂഹികഘാത പഠനത്തിന്റെ ഭാഗമായി പാരിപ്പള്ളിയിൽ വിജയകുമാരിയമ്മയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നു

കൊല്ലം : കെ റെയിൽ പദ്ധതിയുടെ ജില്ലയിലെ സാമൂഹ്യാഘാത പഠനം പാരിപ്പള്ളി വില്ലേജിൽ ആരംഭിച്ചു. ജില്ലാഅതിർത്തിയിലെ നെട്ടയം വേളമാനൂർ സ്വദേശി ഗോപാലകൃഷ്ണപിള്ളയുടെ വീട്ടിൽ നിന്നാണ് പഠനത്തിന്റെ ഭാഗമായ സർവേ തുടങ്ങിയത്. ഗോപാലക്യഷ്ണപിളള, ഭാര്യ വിജയകുമാരിയമ്മ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. 25 വർഷമായി താമസിക്കുന്ന വീടാണ് നഷ്ടപ്പെടുന്നതെന്നും 45 സെന്റ് ഭൂമിയിൽ 20 സെന്റോളം നഷ്ടപ്പെടുമെന്നും വിജയകുമാരിയമ്മ വിശദീകരിച്ചു. ശേഷിക്കുന്ന ഭൂമി ഉപയോഗപ്രദമാകില്ല. പുതിയ സ്ഥലവും വീടും വാങ്ങാനുള്ള നഷ്ടപരിഹാരം നൽകണമെന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും വിജയകുമാരിയമ്മ പറഞ്ഞു.

വീടും ഭൂമിയും നഷ്ടമാകുന്ന ആറുപേരിൽനിന്ന് സംഘം വിവരങ്ങൾ ശേഖരിച്ചു. പഠനത്തിന്റെ കോ –ഓർഡിനേറ്റർ സാജു വി. ഇട്ടിയുടെ നേതൃത്വത്തിൽ കോട്ടയം മുള്ളൻകുഴി ആസ്ഥാനമായ കേരള വാളന്ററി ഹെൽത്ത്‌ സർവീസസ്‌ എന്ന ഏജൻസിയാണ് സർവേ നടത്തുന്നത്‌. പാരിപ്പള്ളി വില്ലേജുകാരായ രണ്ട്‌ വളന്റിയർമാർ ഉൾപ്പെടെ ആറംഗ സംഘത്തിന്റെ നേത്യത്വത്തിലായിരുന്നു സർവേ. ഭൂമി ഏറ്റെടുക്കൽ കാരണമുണ്ടാകുന്ന ആഘാതങ്ങൾ, ബാധിക്കുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാത ലഘൂകരണത്തിനുള്ള മാർഗങ്ങൾ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്.