phot
പുനലൂരിലെ ആർ.പി.എൽ ഹെഡ് ഓഫീസിൽ ഉദ്യോഗസ്ഥരും, ട്രേഡ് യൂണിയൻ നേതാക്കളുമായ നടന്ന ചർച്ചയിൽ മന്ത്രി വി.ശിവൻകുട്ടി സംസാരിക്കുന്നു. പി.എസ്.സുപാൽ എം.എൽ.എ സമീപം.

പുനലൂർ: റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിന്റെ (ആർ.പി.എൽ) നേതൃത്വത്തിൽ റബർ അധിഷ്ഠിത വ്യവസായം ആരംഭിക്കുന്നതിനുള്ള പഠനം നടത്തുന്നതിന് മന്ത്രി വി.ശിവൻകുട്ടി ലേബർ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇന്നലെ പുനലൂരിലെ ഹെഡ് ഓഫീസിൽ ചേർന്ന ട്രേഡ് യൂണിയൻ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ നടന്ന ചർച്ചയെ തുടർന്നാണ് ചുമതലപ്പെടുത്തിയത്. ആർ.പി.എല്ലിലെ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പി.എസ്.സുപാൽ എം.എൽ.എ നൽകിയ നിവേദനത്തെ തുടർന്നാണ് ഇന്നലെ മന്ത്രി പുനലൂരിലെ ഹെഡ് ഓഫിസിൽ സംയുക്ത യോഗം ചേർന്നത്. തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, കാഷ്വൽ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന വിഷയങ്ങളിൽ ഉടൻ പരിഹാരം ഉണ്ടാകും. ഗവ. ഐ.ടി.ഐ ആരംഭിക്കുന്നതിന് ഭൂമി നൽകുന്നതിനെ സംബന്ധിച്ചുള്ള നടപടി വേഗത്തിലാക്കാൻ ലേബർ സെക്രട്ടറിയെ ചുമതലപ്പെടുത്തി. മേഖലകളിലെ സ്കൂളുകളിൽ തമിഴ് മീ‌ഡിയത്തിനൊപ്പം മലയാളവും ഇംഗ്ലീഷും കൂടി ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കും. പ്ലസ് ടൂ അനുവദിക്കുന്ന കാര്യം പരിഗണിക്കും. ആർ.പി.എൽ ആശുപത്രിയിൽ 24മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കും. അടുത്ത വർഷത്തോടെ സ്ഥാപനം ലാഭത്തിലാക്കണമെന്ന് മന്ത്രി മാനേജ്മെന്റിന് നിർദ്ദേശം നൽകി. തൊഴിലാളികൾക്കായി പണിത 13 വീടുകളുടെ താക്കോൽ ദാനവും മന്ത്രി നിർവഹിച്ചു. 46 പുതിയ വീടുകൾ കൂടി പണിയാൻ മാനേജ്മെന്റിന് മന്ത്രി നിർദ്ദേശം നൽകി. പി.എസ്.സുപാൽ എം.എൽ.എക്ക് പുറമെ ആർ.പി.എൽ ചെയർപേഴ്സൺ മിനി ആന്റണി, മാനേജിംഗ് ഡയറക്ടർ ഡോ.അഡൽ അരശൻ, സ‌ഞ്ജയ്കുമാർ ഐ.എസ്.എഫ്, ട്രേഡ് യൂണിയൻ നേതാക്കളായ എസ്.ജയമോഹൻ, സി.അജയപ്രസാദ്, എസ്.ബിജു, പുനലൂർ മധു, അജയൻ,സാബു,നാസർ ഖാൻ, സാബു എബ്രഹാം തുടങ്ങിയവരും മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പങ്കെടുത്തു.