കരുനാഗപ്പള്ളി: വർഷങ്ങളായി തകർന്ന് കിടക്കുന്ന ഗുഹാനന്ദപുരം ബോട്ട് ജെട്ടി പുനർ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരു ഗ്രാമത്തിന്റെ ജീവതവുമായി വർഷങ്ങളോളം ബന്ധം പുലർത്തിയിരുന്ന തെക്കുഭാഗം ഗുഹാനന്ദപുരം ബോട്ട് ജെട്ടിയാണ് കാലത്തിന്റെ കരാള ഹസ്തങ്ങളിൽ പെട്ട് തകർന്ന് പോയത്.
ബോട്ടുകളിൽ സവാരി
ദളവാപുരം പാലം യാഥാർത്ഥ്യമാകുന്നതിന് മുമ്പ് വരെ തെക്കുംഭാഗത്ത് നിവാസികൾ യാതക്കായി ആശ്രയിച്ചിരുന്നത് സർവീസ് ബോട്ടുകളായിരുന്നു. കൊല്ലത്ത് നിന്ന് 6 ബോട്ടുകളാണ് ഗുഹാനന്ദപുരത്തേക്ക് സർവീസ് നടത്തിയിരുന്നത്. കൊല്ലം, ഗുഹാനന്ദപുരം, കാവനാട്, സാമ്പ്രാണിക്കോടി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചായിരുന്നു ബോട്ട് സർവീസ്. ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് വന്നിരുന്ന സർവീസ് ബോട്ടുകളും ഗുഹാനന്ദപുരത്ത് എത്തിയ ശേഷമാണ് കൊല്ലത്തേക്ക് പോകുന്നത്. രാത്രിയിൽ 9.30 മണിക്ക് ഗുഹാനന്ദപുരത്ത് എത്തിയിരുന്ന ബോട്ട് പിറ്റേദിവസം രാവിലെ യാത്രക്കാരുമായാണ് കൊല്ലത്തേക്ക് പോകുന്നത്.
വിശ്രമ കേന്ദ്രമായി
ദളവാപുരം പാലത്തിലൂടെയുള്ള വാഹന യാത്ര ആരംഭിച്ചതോടെ ബോട്ട് സർവീസുകൾ പടിപടിയായി അധികൃതർ നിറുത്തി. യാത്രക്കാരെ കൊണ്ട് സജീവമായിരുന്ന ഗുഹാനന്ദപുരം ബോട്ട് ജെട്ടി കാലക്രമേണ വൈകുന്നേരങ്ങളിലെ നാട്ടുകാരുടെ വിശ്രമ കേന്ദ്രമായി മാറി. കാലാന്തരത്തിൽ ബോട്ട് ജെട്ടി തകർന്ന് കായലിൽ പതിച്ചു. എന്നാൽ ഇപ്പോഴും അഷ്ടമുടി കായലും ഗുഹാനന്ദപുരം ബോട്ട് ജെട്ടിയും വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ്.
വിനോദ സഞ്ചാരികളുടെ ആകർഷണം
കൊല്ലത്ത് നിന്ന് ആലപ്പുഴക്ക് ഹൗസ് ബോട്ടുകളിൽ യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികൾ സാമ്പ്രാണിക്കോടിയിലും ഗുഹാനന്ദപുരത്തും എത്താറുണ്ട്. ഹൗസ് ബോട്ടുകൾ അടുപ്പിക്കാനുള്ള സൗകര്യം ഗുഹാനന്ദപുരത്ത് ഇല്ലാത്തതിനാൽ വിനോദ സഞ്ചാരികൾ കരയ്ക്ക് ഇറങ്ങാറില്ല. ഗുഹാനന്ദപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും ഇതിനോട് ചേർന്നുള്ള സ്ക്കൂളും വിശലമായ മൈതാനവുംഗുരുക്ഷേത്രവും എല്ലാം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രങ്ങളാണ്. തകർന്ന് കായലിൽ പതിച്ച ബോട്ട് ജെട്ടി പുനർ നിർമ്മിച്ചാൽ ഗ്രാമത്തിന്റെ നഷ്ടപ്പെട്ട് പോയ പ്രതാപം വീണ്ടെടുക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.