anganavadi-1
അംഗനവാടി

അധികൃതർ കാണുന്നുണ്ടോ കുട്ടികളുടെ ദുരിതം

കുന്നിക്കോട് : റോഡ് വശത്ത് ഒറ്റമുറി ഷട്ടറുള്ള കടയിൽ 14 കുട്ടികളുള്ള ഒരു അങ്കണവാടി പ്രവർത്തിക്കുന്നു. പഠിപ്പിക്കുന്നതും ഭക്ഷണം കഴിക്കുന്നതും എല്ലാം ഒരിടത്ത് തന്നെ. പോരാത്തതിന് കടമുറിയിൽ വൈദ്യുതിയില്ല. വെളിച്ചവും കാറ്റുമില്ലാതെ വിയർത്തൊലിച്ചാണ് കുട്ടികളിരിക്കുന്നത്. പ്രാഥമികാവശ്യങ്ങൾക്ക് കുട്ടികളും 2 ജീവനക്കാരും സമീപത്തുള്ള വീടുകളെ ആശ്രയിക്കണം. വിളക്കുടി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലുള്ള 161 -ാം നമ്പർ അങ്കണവാടിയിലെ കുട്ടികളാണ് ഈ ദുരിതമനുഭവിക്കുന്നത്.

ഉദ്ഘാടനം നടത്താതെ പുതിയ കെട്ടിടം

ഒരിടത്ത് അസൗകര്യങ്ങളിൽ 14 കുട്ടികൾ വീർപ്പുമുട്ടുമ്പോൾ അവർക്കായ് നിർമ്മിച്ച പുതിയ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്യാതെ കാടുകയറി നശിക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷമാകുന്നു.

7 സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ പെയിന്റും സിമന്റും അടർന്ന് വീണും ഗെയിറ്റ് തുരുമ്പിച്ചും തറയോടുകൾ ഇളകി മാറിയ അവസ്ഥയിലുമാണ്. സംസ്ഥാന സർക്കാരിന്റെ കോളനി നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ച് കാര്യറ വരിക്കോലിൽ കോളനി നവീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ അങ്കണവാടി കെട്ടിടം നിർമ്മിച്ചത്.

താത്കാലികമാറ്റം

കഴിഞ്ഞ വിളക്കുടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് 2019 ജനുവരിയിലായിരുന്നു അങ്കണവാടിയുടെ പഴയ ഓട് മേഞ്ഞ കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിടത്തിന്റെ പണികൾ ആരംഭിച്ചത്. അന്ന് അങ്കണവാടി റോഡ് വശത്തുള്ള ഒരു വാടക കടമുറിയിലേക്ക് താത്കാലികമായി മാറ്റി.എന്നാൽ പുതിയ കെട്ടിടത്തിന്റെ പണികൾ പൂർത്തിയായിട്ട് രണ്ട് വർഷം കഴിഞ്ഞെങ്കിലും ഉദ്ഘാടനം നടത്താത്തതിനെ തുടർന്ന് ഇന്നും കടമുറിയിലാണ് അങ്കണവാടിയുടെ പ്രവർത്തനം.

വാടക നൽകുന്നത് അങ്കണവാടി ടീച്ചർ

നിലവിൽ അങ്കണവാടി പ്രവർത്തിക്കുന്ന കടമുറിക്ക് വാടക നൽകുന്നത് ടീച്ചറായ അനിതയാണ്. മൂന്ന് മാസത്തിനകം പുതിയ കെട്ടിടത്തിലേക്ക് അങ്കണവാടി മാറ്റുമെന്നതിനാൽ വാടക കരാർ എഴുതേണ്ട ആവശ്യമില്ലെന്നാണ് അന്ന് വാർഡംഗം പറഞ്ഞത്. പക്ഷേ മൂന്ന് മാസം പിന്നിട്ടിട്ടും കെട്ടിട നിർമ്മാണം പൂർത്തിയായില്ല. 1250 രൂപയാണ് കടമുറിക്ക് മാസ വാടക നൽകേണ്ടത്. അതിൽ 750 രൂപ ഐ.സി.ഡി.എസിൽ നിന്നും ബാക്കി 500 രൂപ ഗ്രാമപഞ്ചായത്തിൽ നിന്നും നൽകുമെന്നാണ് ടീച്ചറിനോട് പറഞ്ഞ്. പക്ഷേ വാടക കരാർ ഇല്ലാത്തതിനാലും കെട്ടിടം പണി പൂർത്തിയായിട്ട് ഉദ്ഘാടനം നിർവഹിക്കാത്തതിനാലും ഈ തുക ലഭിക്കാതെയായി. സ്വർണം പണയം വെച്ചും ബാങ്കിൽ നിന്ന് വായ്പ എടുത്തുമാണ് അന്ന് മുതൽ ഇന്ന് വരെ അങ്കണവാടി ടീച്ചർ വാടക നൽകുന്നത്. വാടകയിനത്തിൽ 25,750 രൂപ നൽകിയതിന് പുറമേ 19,250 രൂപ കൂടി കുടിശ്ശികയിനത്തിൽ നൽകാനുമുണ്ട്.