xp
പാവുമ്പ കല്ലുപാലം

തഴവ: നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു ഗ്രാമത്തിന് വികസനത്തിലേക്ക് വഴിയൊരുക്കിയ പാവുമ്പ കല്ലുപാലത്തിന്റെ നിലവിലെ ശോച്യാവസ്ഥയ്ക്ക് പരിഹാരമാകുന്നു. കല്ലുപാലത്തിന്റെ പുരാവസ്തു പ്രാധാന്യം കണക്കിലെടുത്ത് സംരക്ഷിത സ്മാരകമാക്കാൻ പുരാവസ്തു വകുപ്പ് തീരുമാനിച്ചതായി എം.എൽ.എ സി. ആർ. മഹേഷ് അറിയിച്ചു. ഇതനുസരിച്ച് കല്ലു പാലത്തിന്റെ വിശദവിവരം ഗസറ്റഡിൽ പരസ്യപ്പെടുത്തുവാനും തീരുമാനമായി.

ആക്ഷൻ കൗൺസിൽ

ചരിത്രപ്രാധാന്യം ഏറെയുള്ള പാവുമ്പാ കല്ലുപാലം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പാവുമ്പ സുനിൽ (ചെയർമാൻ) , മേലോട്ടു പ്രസന്നകുമാർ (കൺവീനർ) ഐക്കര ഗോപാലകൃഷ്ണൻ (രക്ഷാധികാരി), ഗ്രാമ പഞ്ചായത്ത് അംഗം കെ.കെകൃഷ്ണ കുമാർ എന്നിവരുടെ നേതൃത്വത്തിൽ 2012 ലാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചത്. ഇതേ തുടർന്ന് തഴവ ഗ്രാമ പഞ്ചായത്തിലും ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിലും പാലം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും ഇത് പുരാവസ്തു വകുപ്പിന് നൽകുകയും ചെയ്തു. ഇതനുസരിച്ച് വിദഗ്ദ്ധ സംഘമെത്തി പാലം പരിശോധിച്ച് പഴക്കം നിർണ്ണയിച്ചെങ്കിലും പിന്നീട് കാര്യക്ഷമമായ യാതൊരു നടപടികളും ഉണ്ടായില്ല.

എം.എൽ.എ ഇടപെട്ട് പരിഹാരം

2019ലെ ശക്തമായ പ്രളയത്തിൽ അപകടകരമായ നിലയിൽ ചരിഞ്ഞ കല്ലുപാലം തകർന്ന് വീഴുമെന്ന ആശങ്ക ഉയർന്നിരുന്നു. പാലം സംരക്ഷിക്കുന്നതിൽ അധികൃതർ തുടരുന്ന അനാസ്ഥയെ കുറിച്ച് കേരളകൗമുദി വാർത്ത നൽകി. വാർത്ത ശ്രദ്ധയിൽപ്പെട്ട പുരാവസ്തു ഡയറക്ടർ നേരിട്ടെത്തി പാലം സന്ദർശിച്ച് സംരക്ഷിത സ്മാരകമാക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പും നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വീണ്ടും അനിശ്ചിതത്വം ഉണ്ടായതോടെയാണ് ഇപ്പോൾ സി.ആർ മഹേഷ് എം.എൽ.എ നേരിട്ട് ഇടപെട്ടത്.

500 വർഷം പഴക്കം

പാറ അടുക്കി ഉണ്ടാക്കിയ പാലം

പുരാവസ്തു വകുപ്പ് തന്നെ അഞ്ഞൂറിലധികം വർഷം പഴക്കം കണക്കുകൂട്ടുന്ന പാവുമ്പ കല്ലുപാലത്തിന് ഒട്ടേറെ അപൂർവ്വതകളുണ്ട്. സംസ്ഥാനത്ത് തന്നെ അത്യപൂർവമായി കണ്ടുവരുന്ന വെള്ളാരം കല്ലിൽ തീർത്ത മൂന്ന് മീറ്റർ നീളമുള്ള ആറ് ഷീറ്റുകൾ പാറയുടെ തന്നെ ഇഷ്ടിക അടുക്കിയുണ്ടാക്കിയ തൂണിൽ ഘടിപ്പിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്. കുമ്മായം ഉൾപ്പടെ യാതൊരു മിശ്രിതവും ഉപയോഗിക്കാതെ ക്രമാനുഗതമായി പാറ അടുക്കി ഉണ്ടാക്കിയ പാലം പ്രാചീന തച്ചുശാസ്ത്ര വൈദഗ്ദ്ധ്യത്തിന്റെ പ്രതീകം കൂടിയാണ്.