
കൊല്ലം: ട്രെയിനിൽ ഉടമസ്ഥനില്ലാതെ 19.5 കി.ഗ്രാം കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ കൂടി എക്സൈസ് പിടിയിലായി. പാരിപ്പള്ളി കിഴക്കനേല ചന്നംപൊയ്കയിൽ വിളയിൽ വീട്ടിൽ വിഷ്ണു (25), തിരുവനന്തപുരം പേട്ട ആനയറ റെയിൽവേ പാലത്തിന് സമീപം മുടുമ്പിൽ വീട്ടിൽ വിഷ്ണുചന്ദ്രൻ (26) എന്നിവരെയാണ് തിരുവനന്തപുരം വലിയതുറയിൽ നിന്ന് പിടികൂടിയത്.
കഞ്ചാവ് കടത്തിയതിന് തമിഴ്‌നാട്ടിൽ പിടിയിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശികളായ ജാക്‌സൺ, സൂരജ് എന്നിവരെ ചെന്നെയിലെ ജയിലിലെത്തി എക്സൈസ് സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ജനുവരി 13ന് കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയ അനന്തപുരി എക്സ്‌പ്രസിലാണ് മൂന്ന് ബാഗുകളിലായി കഞ്ചാവ് കണ്ടെത്തിയത്. ബാഗിലുണ്ടായിരുന്ന സിംകാർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ത്രിപുര സ്വദേശിയായ യുവതിയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തി. ഇപ്പോൾ പിടിയിലായവർ വെട്ടുകാട് ബീച്ചും, വർക്കലയിലെ റിസോർട്ടുകളും കേന്ദ്രീകരിച്ച് ഒളിവിൽ കഴിയുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്ന് കൂടുതൽ പേർ പിടിയിലാകുമെന്ന് കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ബി. സുരേഷ് അറിയിച്ചു.
എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. ഷാജി, ടി. രാജു. പ്രിവന്റീവ് ഓഫീസർമാരായ എം. മനോജ് ലാൽ സുരേഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ വിഷ്ണു, ജൂലിയൻ ക്രൂസ്, ശ്രീനാഥ്, അജീഷ് ബാബു, വിമൽ, വൈശാഖ്, ശാലിനി ശശി, ജി. ഗംഗ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.