piravanthoor
പിറവന്തൂർ ഭാഗത്ത് ഉപകനാലിൽ വെള്ളം എത്തിയപ്പോൾ

പത്തനാപുരം : ഒടുവിൽ സബ് കനാലുകൾ വഴി വെള്ളമെത്തിത്തുടങ്ങി. പത്തനാപുരം, പിറവന്തൂർ, പഞ്ചായത്തുകളിലെ ആളുകൾക്ക് ഏറെ ആശ്വാസം. വേനൽ കടുത്ത് ജലക്ഷാമം രൂക്ഷമായിട്ടും കനാൽ ശുചീകരണം നടത്തി വെള്ളം തുറന്ന് വിടാത്തതിനെ പറ്റി കേരള കൗമുദി നിരന്തരം വാർത്ത നൽകിയിരുന്നു. വലതുകര പ്രധാന കനാൽ വഴി വെള്ളം തുറന്ന് വിട്ടിരുന്നെങ്കിലും ഉപകനാലുകൾ ശുചീകരിക്കാതെ, കാടുമൂടി കിടന്നിരുന്നതിനാൽ അധികൃതർ വെള്ളം തുറന്ന് വിട്ടില്ല. ഒടുവിൽ വാർത്തയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ പഞ്ചായത്ത് അധികൃതർ ഇടപ്പെട്ട് ഗ്രൂപ്പ് തിരിച്ച് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ശുചീകരണവും അറ്റകുറ്റപ്പണികളും നടത്തി.

കർഷക ദുരിതം മാറി

വേനൽ കടുത്ത് കിണറുകളിലും മറ്റ് ജലാശയങ്ങളിലും വെള്ളം വറ്റിവരണ്ട സ്ഥിതിയിലായിരുന്നു. കാർഷിക വിളകൾ കരിഞ്ഞുണങ്ങി കർഷകർ ഏറെ ദുരിതത്തിലായിരുന്നു. ചില പ്രദേശങ്ങളിൽ കൃഷികൾക്കും കെട്ടിട നിർമ്മാണത്തിനും മറ്റുമായി ടാങ്കറുകളിൽ വെള്ളം എത്തിക്കേണ്ട സ്ഥിതിയിലായിരുന്നു. പിറവന്തൂർ,കടയ്ക്കാ മൺ, വാഴത്തോപ്പ് ,ചേകം,കമുകുംചേരി, ചെന്നി ലമൺ , കിഴക്കേ ഭാഗം,കല്ലും കടവ്, മാക്കുളം, അലിമുക്ക്, വെട്ടി തിട്ട നെടുംപറമ്പ്, കറവൂർ പുന്നല ,കരിമ്പാലൂർ ,നടുക്കുന്ന് ,ഇടത്തറ, മാങ്കോട് , കലഞ്ഞൂർ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് സബ് കനാൽ വഴി വെള്ളം എത്തിയത് ആശ്വാസമാകും.

വാർത്തയെ തുടർന്ന് കനാലിൽ വെള്ളം എത്തിയത് കർഷകർ ഉൾപ്പെടെയുള്ളവർക്ക്ഏറെ ആശ്വാസമാണ്.

രഞ്ജിത്ത് ചേകം , ബി .ജെ .പി മണ്ഡലം സെക്രട്ടറി

കനാലുകളിൽവെള്ളമെത്തിയത് ആശ്വാസകരം. നിലവിൽ ഇപ്പോഴും പല ഭാഗങ്ങളിലും ജലം പാഴാകുന്നുണ്ട്. അത് ഒഴിവാക്കാൻ അധികൃതർ ശ്രദ്ധിക്കണം.

ചേത്തടിശശി

പൊതുപ്രവർത്തകൻ .