peerankki
പീരങ്കി മൈതാനം

# പ്രമേയം പാസാക്കിയത് ഐകകണ്ഠേനെ

കൊല്ലം: പീരങ്കി മൈതാനത്ത് റവന്യൂടവർ നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിൽ പ്രമേയം പാസാക്കി. പീരങ്കി, ആശ്രാമം മൈതാനങ്ങൾ, ഗസ്റ്റ്ഹൗസ് പരിസരം എന്നിവടങ്ങളിൽ പുതിയ നിർമ്മാണങ്ങൾ അനുവദിക്കരുതെന്നും സർക്കാരിനോട് കൗൺസിൽ ആവശ്യപ്പെട്ടു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ജി. ഉദയകുമാർ ഉയർത്തിയ ഭേദഗതിയും ഉൾപ്പെടുത്തിയ ശേഷം പ്രമേയം കൗൺസിലർമാർ ഐകകണ്ഠേനെയാണ് പാസാക്കിയത്. ആശ്രാമത്തെ ജൈവവൈവിധ്യം ഉൾപ്പെടുന്ന പ്രദേശങ്ങൾ സംരക്ഷിക്കുന്ന നടപടികൾ കൂടി ഉൾപ്പെടുത്തണമെന്നാണ് ജി.ഉദയകുമാർ ആവശ്യപ്പെട്ടത്.

പീരങ്കി മൈതാനത്തെ നിർമ്മാണം ഇന്നലെ നടന്ന കൗൺസിൽ യോഗത്തിലെ പ്രധാന അജണ്ടയായിരുന്നു. പീരങ്കി മൈതാനം വിവിധ നവോത്ഥാന മുന്നേ​റ്റങ്ങൾക്ക് വേദിയായിട്ടുണ്ടെന്നും ബ്രിട്ടീഷ് ഭരണ കാലത്തെ പട്ടാള ആക്രമണത്തിൽ സ്വാതന്ത്റ്യ സമര പോരാളികൾ രക്തസാക്ഷികളായ ചരിത്രപ്രദേശമാണിതെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. കൗൺസിലർമാരാരും പ്രമേയത്തെ എതിർത്തില്ലെന്നത് കൊല്ലത്തിന്റെ വികാരം പൂർണമായി കോർപ്പറേഷൻ ഉൾക്കൊണ്ടു എന്നതിന്റെ തെളിവാണ്.

കണ്ണുതുറപ്പിച്ച്

കേരളകൗമുദി

പീരങ്കി മൈതാനത്ത് കളക്ടറേറ്റ് അനക്‌സും താലൂക്ക് തല സൈക്ളോൺ ഷെൽട്ടറും നിർമ്മിക്കാൻ ഒരുകൂട്ടം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്ന കാര്യം കേരളകൗമുദി നിരന്തരം റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ, ജനരോഷം ശക്തമാകുകയും സി.പി.ഐയും സി.പി.എമ്മും അടക്കമുള്ള രാഷ്ട്രീയകക്ഷികളും സംസ്‌കാരികനായകരും പദ്ധതിക്കെതിരെ രംഗത്തെത്തുകയും ചെയ്‌തു.

പീരങ്കി മൈതാനത്തിന്റെ ചരിത്രപ്രാധാന്യവും നാട്ടുകാർക്ക് അതിനോടുള്ള വൈകാരിക ബന്ധവും മനസിലാക്കാതെയാണ് ഒരുകൂട്ടം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോൺക്രീറ്റ് കാടാക്കാനുള്ള ശ്രമം നടക്കുന്നത്. നിലവിൽ പീരങ്കി മൈതാനത്തിന്റെ ഒരുഭാഗത്ത് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. സ്റ്റേഡിയത്തിന് അനുവദിച്ച ഒരേക്കർ ഭൂമികൂടാതെ 20 സെന്റ് കൂടി കൈയേറിയാണ് നിർമ്മാണം നടക്കുന്നതെങ്കിലും റവന്യൂവകുപ്പ് അറിഞ്ഞമട്ടില്ല.

അനക്സ് പദ്ധതി ഉപേക്ഷിക്കണം :

എൽ.ഡി.എഫ്

കൊല്ലം: പീരങ്കി മൈതാനത്ത് കളക്ട്രേറ്റ് അനക്സ് നിർമ്മിക്കാനുള്ള പദ്ധതി ഉപേക്ഷിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാൻ എൽ.ഡി.എഫ് യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് പ്രമേയം പാസാക്കാൻ കൊല്ലം കോർപ്പറേഷനിലെ സ്ഥിരം സമിതി അദ്ധ്യക്ഷരുടെ യോഗം വിളിച്ച് നിർദ്ദേശ നൽകി. ആശ്രാമം മൈതാനത്തും ഇനി നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്ന് ജനപ്രതിനിധികളോട് നിർദ്ദേശിക്കാനും തീരുമാനിച്ചു.

മൈതാനത്ത് അവശേഷിക്കുന്ന സ്ഥലം വൃക്ഷങ്ങളും പുൽച്ചെടികളും വച്ചുപിടിപ്പിച്ച് മനോഹരമാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ കൊല്ലം കോർപ്പറേഷനോട് വിവിധ സർക്കാർ വകുപ്പുകളോടും നിർദ്ദേശിക്കും. ഇതുസംബന്ധിച്ച എൽ.ഡി.എഫ് തീരുമാനം വിശദമാക്കാൻ

നാളെ നേതാക്കൾ മാധ്യമങ്ങളെ കാണും. ഈ നിലപാട് സംസ്ഥാന എൽ.ഡി.എഫ് നേതൃത്വത്തെ അറിയിക്കും. ഇതിന് പുറമേ മുഖ്യമന്ത്രി, റവന്യൂ മന്ത്രി, കളക്ടർ എന്നിവർക്ക് പ്രത്യേക നിവേദനം നൽകാനും തീരുമാനിച്ചു.