കൊല്ലം: മുഖ്യമന്ത്രിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് അറുതി. കൊല്ലം റൂറൽ ജില്ലാ പൊലീസ് ട്രെയിനിംഗ് സെന്ററിന്റെ നിർമ്മാണ ഉദ്ഘാടനം മാർച്ച് 6ന് നടക്കും. ഉച്ചയ്ക്ക് 12ന് ഓൺലൈനിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും. കൊട്ടാരക്കരയിൽ നടക്കുന്ന ചടങ്ങ് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.

1.20 കോടി രൂപയുടെ കെട്ടിട സമുച്ചയം

കൊട്ടാരക്കര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് മുമ്പ് പൊലീസ് സർക്കിൾ ഓഫീസ്, പൊലീസ് ക്വാർട്ടേഴ്സുകൾ എന്നിവ പ്രവർത്തിച്ചിരുന്ന ഭൂമിയിലാണ് ട്രെയിനിംഗ് സെന്റർ നിർമ്മിക്കുന്നത്. മൂന്ന് ഏക്കർ ഭൂമിയാണ് ഇവിടെ പൊലീസിനുള്ളത്. ക്വാർട്ടേഴ്സുകളും മറ്റും കാലപ്പഴക്കത്താൽ ജീർണിച്ച് നശിച്ചു. കാട് മൂടിക്കിടന്ന ഇവിടം രണ്ട് മാസം മുൻപേ വൃത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ക്രമീകരണങ്ങൾ വരുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ തീയതി നിശ്ചയിച്ച് കിട്ടാൻ വൈകിയതിനാൽ നിർമ്മാണം തുടങ്ങാനായില്ല. 1.20 കോടി രൂപയുടെ കെട്ടിട സമുച്ചയമാണ് ട്രെയിനിംഗ് സെന്ററിനായി നിർമ്മിക്കുന്നത്. ഇൻഡോർ ക്ളാസുകൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള സെന്ററാണ് ആരംഭിക്കുന്നത്. താഴത്തെ നിലയിൽ ക്ളാസുകൾക്കുള്ള വിശാലമായ ഹാൾ, മുകളിൽ സ്യൂട്ട് റൂമുകൾ, ഡൈനിംഗ് ഹാൾ, ടൊയ്ലറ്റ് സംവിധാനങ്ങൾ, വിശ്രമ സ്ഥലം എന്നിവ ക്രമീകരിക്കും.

എഴുകോൺ സ്റ്റേഷനും കെട്ടിടം

എഴുകോൺ പൊലീസ് സ്റ്റേഷന്റെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളും മാർച്ച് 6ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ശിലാസ്ഥാപനം നടത്തുംമുൻപെ നിർമ്മാണ ജോലികൾ തുടങ്ങിയിരുന്നു. എഴുകോൺ അറുപറക്കോണം വെട്ടിലക്കോണത്താണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്. കെ.ഐ.പി വകയായി ഉണ്ടായിരുന്ന ഭൂമിയിൽ നിന്ന് 20 സെന്റ് പൊലീസ് സ്റ്റേഷനായി അനുവദിക്കുകയായിരുന്നു. നിർമ്മാണത്തിനായി 1,53,65000 രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഹാബിറ്റാറ്റിനാണ് നിർമ്മാണ ചുമതല. സി.ഐയ്ക്കും എസ്.ഐമാർക്കും പ്രത്യേകം മുറികളും പരാതിക്കാർക്കും സന്ദർശകർക്കുമുള്ള വിശ്രമ മുറികൾ, ഹാൾ, ടോയ്ലറ്റ് സംവിധാനം, ശിശുസൗഹൃദ മുറി, ലോക്കപ്പ്, മറ്റ് ഉദ്യോഗസ്ഥർക്കുള്ള സൗകര്യങ്ങൾ, വീഡിയോ കോൺഫറൻസ് സംവിധാനങ്ങൾ എന്നിവയടങ്ങുന്ന മനോഹര കെട്ടിടമാണ് നിർമ്മിക്കുന്നത്. ഏറെക്കാലമായി ജീർണിച്ച വാടക കെട്ടിടത്തിൽ വീർപ്പുമുട്ടുകയാണ് എഴുകോൺ പൊലീസ് സ്റ്റേഷൻ.